ഭാഷാ വിവാദത്തിൽ പോര് മുറുകുന്നു; തമിഴ് പഠിക്കുന്നവരുടെ എണ്ണം കുറയുന്നുവെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: ഭാഷാ വിവാദത്തിൽ പോര് മുറുകുന്നതിനിടെ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യസഭയിലാണ് ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. ഹിന്ദി അടിച്ചേൽപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കേന്ദ്ര സർക്കാരും തമ്മിൽ ഭിന്നത തുടരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മാത്രമല്ല ഡിഎംകെ സർക്കാരിനെതിരെ വിരൽ ചൂണ്ടുന്ന കണക്കുകളും ഇതിനോടൊപ്പം അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളിൽ തമിഴ്‌നാട്ടിൽ തമിഴ് മീഡിയ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് പ്രധാൻ പറയുന്നത്. യഥാർത്ഥത്തിൽ തമിഴിലെ പ്രാരംഭ അധ്യാപനം പ്രോത്സാഹിപ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് പ്രധാൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് സർക്കാർ സ്‌കൂളുകളിൽ കൂടുതൽ വിദ്യാർത്ഥികൾ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിലേക്ക് മാറുന്നുണ്ടെന്നാണ്. സംസ്ഥാനത്തെ 67 ശതമാനം വിദ്യാർത്ഥികളും ഇപ്പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തമിഴ് മീഡിയത്തിലേക്കുള്ള പ്രവേശനം 54 ശതമാനത്തിൽ (2018-19) നിന്ന് 36 ശതമാനം ആയി കുറഞ്ഞു (2023-24).
സംസ്ഥാനത്തെ 774 സിബിഎസ്ഇ സ്‌കൂളുകളിലെങ്കിലും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ യുവാക്കൾക്ക് വളരാനുള്ള അവസരം നിഷേധിക്കരുതെന്നും ഡിഎംകെ സർക്കാരിൽ നിന്നുള്ള ഏത് വ്യക്തിപരമായ ആക്രമണങ്ങളെയും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
'തമിഴ് ഭാഷയെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള നിങ്ങളുടെ എതിർപ്പ് എന്താണ്? അഞ്ചാം ക്ലാസ് വരെ പഠനമാധ്യമം തമിഴ് ഭാഷയായിരിക്കണമെന്ന് അതിൽ വാദിക്കുന്നു. ഞങ്ങൾ ചെങ്കോലിനെ പ്രോത്സാഹിപ്പിക്കുന്നു, അതാണ് തമിഴ് ഭാഷയെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ' ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.
അതേസമയം, നീറ്റ് പരീക്ഷയിൽ ഉൾപ്പെടെ തമിഴിന്റെ ആവശ്യകത ഉയരുകയാണ് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഒരു മാധ്യമമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ അനുപാതം 2024ൽ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 2.41 ദശലക്ഷത്തിലധികം പേർ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വർഷം കൂടിയാണിത്.
2019ൽ നീറ്റ് പരീക്ഷയ്ക്ക് പ്രാഥമിക ഭാഷയായി ഹിന്ദി തിരഞ്ഞെടുത്തത് 179,857 പേരായിരുന്നു, 2024-ൽ ഇത് 357,908 ആയി. തമിഴിൽ പരീക്ഷ എഴുതാൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ 2020ലെ 17,101ൽ നിന്ന് 2024ൽ 36,333 ആയി ഉയർന്നിരുന്നു. നിലവിൽ രാജ്യത്ത് നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ തിരഞ്ഞെടുത്തതിൽ നാലാം സ്ഥാനത്താണ് തമിഴ്.












Click it and Unblock the Notifications