ലാറ്ററല്‍ എന്‍ട്രിയിലൂടെ നിയമനം: ആര്‍എസ്എസുകാരെയാണ് കേന്ദ്രം റിക്രൂട്ട് ചെയ്യുന്നതെന്ന് രാഹുല്‍
ന്യൂഡല്‍ഹി: യുപിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസുമായി ബന്ധമുള്ളവര്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഹായം നല്‍കുന്നു. ആര്‍എസ്എസുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെയാണ് മോദി സര്‍ക്കാര്‍ കൂടുതലായി നിയമിക്കുന്നത്.
എസ്‌സി എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കുള്ള നിയമനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി വഴിയാണ് നിയമനം നടത്തുന്നത്. ഇതിലൂടെ റിക്രൂട്ട്‌മെന്റ് തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഉദ്യോഗസ്ഥ സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നത് വളരെ കുറവാണ്. പുതിയ തീരുമാനം അവരെ കൂടുതലായി ബാധിക്കും. ഉന്നത പദവികളൊന്നും അവര്‍ ലഭിക്കില്ല. സിവില്‍ സര്‍വീസസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വല്ലാതെ കുറയുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. നേരത്തെ ലാറ്ററല്‍ എന്‍ട്രി വഴി സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കാനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
45 സ്‌പെഷ്യലിസ്റ്റുകളെയാണ് ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ നിയമിക്കുക. ജോയിന്റ് സെക്രട്ടറി, ഡയറക്ടമാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിങ്ങനെ കേന്ദ്ര മന്ത്രാലയങ്ങളില്‍ വകുപ്പകളിലേക്കാണ് നിയമനം. എനനാല്‍ കേന്ദ്രം ആര്‍എസ്എസുമായി ബന്ധമുള്ളവരെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നതെന്ന് രാഹുല്‍ പറയുന്നു.
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി ഗ്രൂപ്പ് എ ഓഫീസര്‍മാരെയാണ് സാധാരണ ഈ പദവികളില്‍ നിയമിച്ചിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ യുപിഎസ്‌സി വഴി ഈ പദവികളില്‍ നിയമനം നടത്തുമെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇത് പുതിയ ആളുകള്‍ ഈ മേഖലയിലേക്കും വരുന്നതിന് അടക്കം തടസ്സമാകുമെന്ന് ഉറപ്പായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ലാറ്ററല്‍ എന്‍ട്രി സംവിധാനം ശരിയല്ല. അത് കഴിവുള്ള യുവാക്കളുടെ അവകാശങ്ങളെ കൊള്ളയടിക്കും. സാമൂഹിക നീതിയെന്ന സങ്കല്‍പ്പത്തിന് നേരെയുള്ള ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സെബിയിലെ സര്‍ക്കാര്‍ പദവികളില്‍ കോര്‍പ്പറേറ്റുകളുടെ പ്രതിനിധികള്‍ ഇരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ആദ്യമായി സ്വകാര്യ മേഖലയില്‍ നിന്നുള്ള വ്യക്തിയെ ചെയര്‍പേഴ്‌സണാക്കിയിരിക്കുകയാണ് സെബിയിലെന്ന് രാഹുല്‍ ആരോപിച്ചു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എസ്‌സി എസ്ടി, ഒബിസി വിഭാഗങ്ങളെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കുന്ന കാര്യത്തില്‍ കടുത്ത അവഗണനയുണ്ട്. ഇവരെ മനപ്പൂര്‍വം മാറ്റിനിര്‍ത്താനാണ് ശ്രമിക്കുന്നത്. സംവരണത്തിനതെിരെ ഇരട്ട ആക്രമണമാണ് ബിജെപി നടത്തുന്നത്.
റിക്രൂട്ട്‌മെന്റ് നടപടികള്‍ പിന്നോക്ക വിഭാഗക്കാരെ അവഗണിക്കുന്ന തരത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ബിജെപി അവരുടെ പ്രത്യയശാസ്ത്ര സഖ്യകക്ഷികളെ നിയമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് എസ്പിയും ബിഎസ്പിയും ആരോപിച്ചു. ഒക്ടോബര്‍ രണ്ട് മുതല്‍ ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അഖിലേഷ് യാദവ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications