മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളുടെ കുത്തൊഴുക്ക്; കോൺഗ്രസിന് നേട്ടമോ? സാധ്യതകൾ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കർണാടകയിൽ നേതാക്കളുടെ കൂടുമാറ്റം സജീവമായിരിക്കുകയാണ്. മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്കാണ് നേതാക്കൾ ഒഴുകുന്നത്. ബി ജെ പി എംഎൽഎമാർ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. അതേസമയം നേതാക്കളുടെ കടന്ന് വരവ് സംസ്ഥാനത്ത് തങ്ങൾക്ക് അനുകൂലമാണ്
ട്രെന്റ് എന്നതിന്റെ സൂചനയാണെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ കൂടുമാറ്റം കോൺഗ്രസിന് ഗുണം ചെയ്യുമോ?
നേതാക്കൾ ഒരു പാർട്ടിയിലേക്ക് കൂടുതലായി ചേക്കേറുന്നത് കൊണ്ട് മാത്രം ആ പാർട്ടി തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പശ്ചിമബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിയിലേക്ക് തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കൾ കുത്തിയൊഴുകിയിരുന്നു. എന്നാൽ വമ്പൻ വിജയമായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ നേടിയത്.
നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്നാണ് കർണാടക ബിജെപി നേതാക്കളുെ പറയുന്നത്. 'ബിജെപി ശക്തരാണ്. അടുത്ത തിരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്', മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതേസമയം കർണാടകത്തിൽ ബി ജെ പിയിൽ നിന്നും മാത്രമല്ല ജെ ഡി എസിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കൾ എത്തുന്നുണ്ട്. അർസികെരെയിൽ നിന്നുള്ള ജെ ഡി എസ് എംഎൽഎ ശിവലിംഗ ഗൗഡ താൻ കോൺഗ്രസിൽ ചേരുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
താൻ ജെഡി(എസ്) വിടുകയാണെന്ന് അർക്കൽഗുഡിൽ നിന്നുള്ള എ ടി രാമസ്വാമിയും കോലാറിലെ ജെ ഡി എസ് എം എൽ എയായ ശ്രീനിവാസ് ഗൗഡയും വ്യക്തമാക്കിയിട്ടുണ്ട്.
ഈ കൂറുമാറ്റങ്ങൾ കർണാടകയിൽ കോൺഗ്രസിന് ഗുണം ചെയ്യുമോ എന്നതാണ് വലിയ ചോദ്യം. വലിയ സ്വാധീനമുള്ള നേതാക്കളുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ എത്തുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. ഒരിക്കൽ കോൺഗ്രസിനെ ഉപേക്ഷിച്ച് ബി ജെ പിയിലേക്ക് പോയവരെ ഇനിയും തിരികെ വരാൻ അനുവദിക്കരുതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഈ കൂടുമാറ്റങ്ങൽക്ക് പിന്നിൽ എതിരാളികൾ തന്നെയാണോ എന്ന സംശവും കോൺഗ്രസിൽ ഉണ്ട്. ഒരു പക്ഷേ അധികാരം നിലനിർത്താനുള്ള ബി ജെ പി തന്ത്രങ്ങളുടെ ഭാഗമാണോയിതെന്നാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന സംശയം.












Click it and Unblock the Notifications