വായ്‌പ, നിക്ഷേപ നിരക്കുകൾ കുറച്ച് രാജ്യത്തെ പ്രമുഖ ബാങ്കുകൾ; നടപടി ആർബിഐയുടെ ആ നീക്കത്തിന് പിന്നാലെ
ന്യൂഡൽഹി: റിപ്പോ നിരക്കിൽ ആർബിഐ 50 ബേസിസ് പോയിന്റുകൾ കുറച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ വായ്‌പ, നിക്ഷേപ നിരക്കുകൾ കുറച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് നിക്ഷേപ പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റുകളാണ് കുറച്ചത്. ഒരു ബേസിസ് പോയിന്റ് ഒരു ശതമാനത്തിന്റെ നൂറിലൊന്ന് എന്ന ക്രമത്തിലാണ് കണക്കാക്കുക.
2025 ഏപ്രിൽ 12 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, 50 ലക്ഷത്തിൽ താഴെ ബാലൻസുള്ള അക്കൗണ്ടുകളുടെ സേവിംഗ്‌സ് ഡെപ്പോസിറ്റിന് 2.75 ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകളുടെ 3.25 ശതമാനവും ആയിരിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചു. ഏകദേശം മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് പലിശ നിരക്കുകൾ മാറുന്നത്.

അന്ന് ഇതേ നിരക്കുകൾ യഥാക്രമം 3 ശതമാനവും 3.5 ശതമാനവും ആയിരുന്നു. അവിടെ നിന്നാണ് ആർബിഐ നിരക്ക് കുറയ്ക്കലിന്റെ ചുവടുപിടിച്ചുകൊണ്ട് പുതിയ മാറ്റം വന്നിരിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിട്ടുണ്ട്. ഒന്ന് മുതൽ മൂന്ന് വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ ഇപ്പോൾ മൊത്തത്തിൽ 20 ബേസിസ് പോയിന്റുകളായിരിക്കും.
2025 ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ പ്രകാരം ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് ഇപ്പോൾ 7.3 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി പലിശ കുറയും. രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 7.5 ശതമാനത്തിൽ നിന്ന് 7.4 ശതമാനം പലിശ ലഭിക്കും.
ബാങ്ക് ഓഫ് ഇന്ത്യ 3 കോടി രൂപയിൽ താഴെയുള്ള എഫ്‌ഡിയുടെ പലിശ നിരക്കുകൾ കുറച്ചു, ഇപ്പോൾ 91 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.25 ശതമാനമാണ് അവർ പലിശ നൽകുക. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ നിരക്ക് നൽകുന്നു. ഒരു വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 7.05 ശതമാനം പലിശ നിരക്ക് ലഭിക്കും, 1 വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും പലിശ നിരക്ക് ലഭിക്കും.
ബാങ്കുകൾ വായ്‌പാ നിരക്കുകളും കുറച്ചു. എസ്ബിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകളാണ് വായ്‌പാ നിരക്കുകൾ കുറച്ചത്. എസ്‌ബിഐ റിപ്പോ നിരക്കുമായി ബന്ധപ്പെട്ട വായ്‌പാ നിരക്കുകൾ 25 ബേസിസ് പോയിന്റ് കുറച്ച് 8.25 ശതമാനമായും ബാഹ്യ ബെഞ്ച്മാർക്ക് വായ്‌പാ നിരക്കുകൾ 8.65 ശതമാനമായും കുറച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയും ബാഹ്യ ബെഞ്ച്മാർക്ക് നിരക്കുകൾ 8.65 ശതമാനമായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.
അതേസമയം, വാണിജ്യ ബാങ്കുകൾ കേന്ദ്ര ബാങ്കിൽ നിന്ന് വായ്‌പ എടുക്കുമ്പോൾ ഈടാക്കുന്ന നിരക്കായ റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയതായി ആർബിഐ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നിക്ഷേപ, വായ്‌പ പലിശ നിരക്കുകളിൽ കുറവ് വരുത്തിയത്. റിപ്പോ നിരക്ക് നിലവിൽ 6 ശതമാനമായിരിക്കും.
പുതിയ തീരുമാനം ഹോം ലോൺ ഉൾപ്പെടെ എടുത്ത സാധാരണക്കാർക്ക് വലിയ രീതിയിൽ ഗുണകരമാവും. ഇഎംഐ ഉൾപ്പെടെയുള്ളവയിൽ കാര്യമായ കുറവുണ്ടാവാനും സാധ്യതയുണ്ട്. എന്നാൽ നിക്ഷേപങ്ങൾ വരുമാനമായി കാണുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. നിക്ഷേപ പലിശ നിരക്കുകളിൽ സാരമായ കുറവാണ് ബാങ്കുകൾ വരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications