പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി; മേഖലയിൽ ഹർത്താൽ പൂർണം
ഗൂഡല്ലൂർ: തമിഴ്‌നാട് പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കി. ഉച്ചയോടെ ആയിരുന്നു പുലിയെ മയക്ക് വെടിവച്ചത്. ഇതിന് ശേഷം വൈകുന്നേരത്തോടെ പുലിയെ കൂട്ടിലാക്കുകയായിരുന്നു. പുലിയെ മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
അതേസമയം, പന്തല്ലൂരിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുള്ള കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. പുലിയെ കൊല്ലാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ കോഴിക്കോട്-ഗൂഡല്ലൂർ ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു.

പുലിയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ വൈകുന്നേരം മുതല്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുകയാണ്. ഇന്ന് പ്രദേശത്ത് ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ നാട്ടുകാര്‍ റോഡ് ഗതാഗതം സ്‌തംഭിപ്പിച്ചിരുന്നു. ഇതോടെ നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള യാത്ര നിലയ്ക്കുകയും ചെയ്‌തു.
തുടർന്ന് കഴിഞ്ഞ ദിവസം തന്നെ പന്തല്ലൂര്‍ താലൂക്കിലെ വിവിധ മേഖലകളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇതിനെ പിടികൂടി ഉൾക്കാട്ടിലേക്ക് വിടാൻ ജനുവരി 5ന് തമിഴ്‌നാട് വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ നാട്ടുകാർ വലിയ രീതിയിലുള്ള എതിർപ്പാണ് ഉന്നയിക്കുന്നത്. ഇത്തരത്തിൽ അപകടകാരിയായ ഒരു മൃഗത്തെ ഇവിടെ നിന്ന് മാറ്റി മറ്റൊരിടത്തേക്ക് അയച്ചാൽ അവിടെ സമാന സംഭവങ്ങൾ ആവർത്തിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ തന്നെ പുലിയെ വെടിവെച്ചു കൊല്ലണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജില്‍ വച്ച് മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലന്‍ ദേവിയുടെയും മകള്‍ നാന്‍സിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അങ്കണവാടിയില്‍ നിന്ന് തിരികെ വരുമ്പോഴായിരുന്നു പുലിയുടെ ആക്രമണം.
കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ മേഖലയിൽ നടക്കുന്ന മൂന്നാമത്തെ പുലി ആക്രമണമാണിതെന്ന് ആളുകൾ പറയുന്നു. ഡിസംബർ 21ന് കൊളപ്പള്ളിക്കടുത്ത് എളമണ്ണയിൽ മൂന്ന് സ്ത്രീകളെ പുള്ളിപ്പുലി ആക്രമിക്കുകയും അവരിൽ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്‌തിരുന്നു. പിന്നീട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കാർത്തിക എന്ന നാല് വയസ്സുകാരിയെപുലി കടിച്ചുകീറിയിരുന്നു.
ആഴത്തിലുള്ള മുറിവുകളോടെ കുട്ടിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആളുകൾ ഓടിക്കൂടിയതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് പുലി കടന്നുകളഞ്ഞത്. ഇല്ലായിരുന്നെങ്കിൽ കുട്ടിയുടെ ജീവനും അപകടത്തിലായേനെ എന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഒരു ശാശ്വത പരിഹാരത്തിനായി ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.












Click it and Unblock the Notifications