കെജ്രിവാളിന് ആശ്വാസമില്ല: അറസ്റ്റിനെതിരായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാനാവില്ലെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: മദ്യ അഴിമതി കേസിലെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അടുത്ത ബുധനാഴ്ച്ച പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലാണ് കെജ്രിവാള്‍.
ശനിയാഴ്ച്ച വൈകീട്ടോ ഞായറാഴ്ച്ച രാവിലെയോ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. മാര്‍ച്ച് 27ന് പരിഗണിക്കുന്ന ഹര്‍ജികളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോളി അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് കെജ്രിവാളിന്റെ ഹര്‍ജിയും പരിഗണിക്കുക.

തന്നെ അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും നിയമവിരുദ്ധമായിട്ടാണെന്നും, കസ്റ്റഡിയില്‍ നിന്ന് തന്നെ വിട്ടയക്കണമെന്നും കെജ്രിവാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് കെജ്രിവാളിനെ ആറ് ദിവസം കസ്റ്റഡിയില്‍ വിട്ടത്. നേരത്തെസുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കെജ്രിവാള്‍ പിന്‍വലിച്ചിരുന്നു.
കെജ്രിവാളാണ് മദ്യ അഴിമതിയിലെ പ്രധാന സൂത്രധാരനെന്നാണ് ഇഡി ആരോപിക്കുന്നത്. കെജ്രിവാള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ടിആര്‍എസ് നേതാവ് കെ കവിത എന്നിവര്‍ ചേര്‍ന്നാണ് അഴിമതി നടത്തിയതെന്നാണ് ഇഡി കോടതിയില്‍ ആരോപിച്ചത്. സിസോദിയയും കവിതയും നേരത്തെ തന്നെ കേസില്‍ അറസ്റ്റിലായിരുന്നു.
അതേസമയം അവധിക്ക് കോടതി പിരിയുന്നതിനെ തുടര്‍ന്നാണ് കെജ്രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാതിരുന്നത്. കെജ്രിവാള്‍ അറസ്റ്റിലായത് കൊണ്ട് ആംആദ്മി പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം തലസ്ഥാന നഗരിയിലുണ്ട്. കെജ്രിവാളിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയതാണ് അദ്ദേഹം.
എഎപിയുടെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മന്‍ ആണ്. പ്രതിപക്ഷത്തെ ഒന്നൊന്നായി തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അറസ്റ്റിലായ വ്യക്തി രാജിവെക്കണമെന്ന് എവിടെയും പറയുന്നില്ല. ജയിലില്‍ ഇരുന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
പ്രതിപക്ഷത്തെ മൊത്തത്തില്‍ ഇല്ലാതാക്കാം എന്നാണോ ബിജെപി ചിന്തിക്കുന്നത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്യുന്നു. മമത ബാനര്‍ജിക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നു.ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സ്റ്റാലിനെയും, പിണറായി വിജയനെയും പോലുള്ളവരെ ബുദ്ധിമുട്ടിക്കുന്നു. ഇതാണോ ജനാധിപത്യം. പുടിന്‍ റഷ്യയുടെ പ്രസിഡന്റായി തുടരുന്നത് ഏകാധിപത്യത്തിലൂടെയാണ്. മോദി അദ്ദേഹവുമായി സംസാരിക്കുന്നത് അത് എങ്ങനെ ഇന്ത്യയില്‍ നടപ്പാക്കാം എന്നായിരിക്കുമെന്നും ഭഗവന്ത് മന്‍ ആരോപിച്ചു.












Click it and Unblock the Notifications