എൽകെ അദ്വാനിയോടും എംഎം ജോഷിയോടും രാമക്ഷേത്ര ഉദ്‌ഘാടനത്തിന് വരരുതെന്ന് അഭ്യർത്ഥിച്ചു; അയോധ്യ ട്രസ്‌റ്റ് ഭാരവാഹി
ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയോടും, മുരളി മനോഹർ ജോഷിയോടും രാമക്ഷേത്ര ഉദ്‌ഘാടന പരിപാടിക്ക് വരരുതെന്ന് രാമക്ഷേത്ര ട്രസ്‌റ്റ് തന്നെ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. രാമക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
1990കളുടെ തുടക്കത്തിൽ രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മുതിർന്ന ബിജെപി നേതാക്കളുടെ പ്രായം പരിഗണിച്ചാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇരുവരും അഭ്യർത്ഥന സ്വീകരിച്ചതായാണ് ചമ്പത് റായ് പറയുന്നത്.

"ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത്, വരരുതെന്ന് അവരോട് അഭ്യർത്ഥിച്ചു, അത് ഇരുവരും അംഗീകരിക്കുകയും ചെയ്‌തു" റായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.
96കാരനായ അദ്വാനി ബിജെപിയുടെ സ്ഥാപക അംഗമാണ്. 1990ൽ അദ്ദേഹം ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രാമരഥയാത്ര തുടങ്ങി, ക്ഷേത്രത്തിനായുള്ള സമ്മർദ്ദം ചെലുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
പിന്നീട് തൊട്ടടുത്ത പൊതു തിരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിന് പിന്നിൽ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി മാറുകയും ചെയ്‌തത് ചരിത്രം. അടുത്ത മാസം 90 വയസ് തികയുന്ന മുരളി മനോഹർ ജോഷിയും ബിജെപിയുടെ സ്ഥാപക അംഗമാണ്. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു.
ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും ചമ്പത് റായ് വ്യക്തമാക്കി.
ആത്മീയ നേതാവ് ദലൈലാമ, കേരളത്തിൽ നിന്നുള്ള മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, നടന്മാരായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications