നിതീഷിനെ തിരിച്ചെത്തിച്ചു, പ്രതിപക്ഷത്ത് നിന്ന് ഈ പാര്‍ട്ടികളെ ലക്ഷ്യമിട്ട് ബിജെപി
ന്യൂഡല്‍ഹി: നിതീഷ് കുമാറിനെ മഹാസഖ്യത്തില്‍ നിന്ന് വീണ്ടും അടര്‍ത്തിയെടുത്തതിന് പിന്നാലെ പ്രതിപക്ഷത്തുള്ള പാര്‍ട്ടികളെ ലക്ഷ്യമിട്ട് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ പാര്‍ട്ടികളുമായി അപ്രതീക്ഷിത സഖ്യം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ വന്നേക്കും. എന്‍ഡിഎ അതിവേഗം വിപുലീകരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
യുപിയില്‍ നിന്ന് ആര്‍എല്‍ഡിയെ അടര്‍ത്തിയെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താനോ വലിയ പ്രതികരണത്തിനോ ആര്‍എല്‍ഡി തയ്യാറായിട്ടില്ല. ചരണ്‍ സിംഗിന് ഭാരത രത്‌ന നല്‍കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയന്ത് ചൗധരി നേരത്തെ പ്രശംസിച്ചിരുന്നു.

അതേസമയം യുപിയിലെ സഖ്യത്തില്‍ തീരുമാനമായില്ലെങ്കിലും പഞ്ചാബില്‍ ഉടനടി സഖ്യമുണ്ടാവുമെന്നാണ് സൂചന. ശിരോമണി അകാലിദള്‍ വൈകാതെ തന്നെ എന്‍ഡിഎ സഖ്യത്തില്‍ തിരിച്ചെത്തും. അമിത് ഷായുടെ നേതൃത്വത്തിലാണ് അകാലിദളുമായി ചര്‍ച്ചകള്‍ നടക്കുന്നത്. ഇക്കാര്യം അമിത് ഷാ സ്ഥിരീകരിച്ചിട്ടുണ്ട്.
ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നിലും അന്തിമ തീരുമാനമായിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഎസ്പിയുമായിട്ടാണ് സഖ്യമെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പഞ്ഞിരുന്നു. കോണ്‍ഗ്രസും എഎപിയും കള്ളന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
2020ലാണ് അകാലിദള്‍ എന്‍ഡിഎയില്‍ നിന്ന് രാജിവെച്ചത്. കാര്‍ഷിക ബില്ലിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളായിരുന്നു കാരണം. നിലവില്‍ പഞ്ചാബില്‍ ദുര്‍ബലമായ അവസ്ഥയിലാണ് അകാലിദളും അതുകൊണ്ട് സഖ്യമില്ലെങ്കില്‍ ഇരുപാര്‍ട്ടികളും തിരിച്ചടി നേരിടാനാണ് സാധ്യത. ആന്ധ്രപ്രദേശില്‍ അതുപോലെ തെലുങ്ക് ദേശം പാര്‍ട്ടിയുമായിട്ടാണ് ബിജെപി സഖ്യമുണ്ടാക്കാന്‍ പോകുന്നത്.
ചന്ദ്രബാബു നായിഡു നേരത്തെ അമിത് ഷായെയും ജെപി നദ്ദയെയും കണ്ടിരുന്നു. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായിട്ടാണ് സഖ്യമുണ്ടാക്കുന്നത്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആന്ധ്രയില്‍ ഒരുമിച്ചാണ് നടക്കുന്നത്. നായിഡുവിനൊപ്പം ചേര്‍ന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
അടുത്തിടെ വന്ന സര്‍വേകളില്‍ ചന്ദ്രബാബു നായിഡു നേട്ടമുണ്ടാക്കുമെന്നാണ് ഉള്ളത്. ടിഡിപി 2018ല്‍ സഖ്യം വിട്ടതിന്റെ നീരസം ഇപ്പോഴും ബിജെപി നേതാക്കള്‍ക്ക് ചന്ദ്രബാബു നായിഡുവിനോടുണ്ട്. ബിജെപിക്ക് എത്ര സീറ്റ് നല്‍കാന്‍ ടിഡിപി തയ്യാറാവും എന്നതിനെ ആശ്രയിച്ചായിരിക്കും സഖ്യമുണ്ടാവുകയെന്നാണ് സീനിയര്‍ നേതാക്കള്‍ നല്‍കുന്ന സൂചന.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ആന്ധ്രയില്‍ ടിഡിപിക്ക് ലഭിച്ചത്. ആന്ധ്രയില്‍ ഭരണവും അവര്‍ക്ക് നഷ്ടമായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധവും ബിജെപിക്കുണ്ട്. സര്‍ക്കാരിനെ നിരവധി കാര്യങ്ങളില്‍ സഹായിച്ചത് വൈഎസ്ആര്‍ കോണ്‍ഗ്രസാണ്.












Click it and Unblock the Notifications