അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന്‍ വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
ചെന്നൈ: നടന്‍ വിജയിക്കെതിരെ പോളിംഗ് തടസ്സമുണ്ടാക്കിയെന്ന് പരാതി. തമിഴ്‌നാട്ടിലെ ലോക്‌സഭാ പോളിംഗ് ദിനത്തില്‍ മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ചാണ് തമിഴക വെട്രി കഴകം നേതാവ് കൂടിയായ വിജയിക്കെതിരെ ചെന്നൈ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം ആളുകളുമായി പോളിംഗ് ബൂത്തില്‍ കയറിയെന്നും, അതിലൂടെ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് ആരോപണം.
ദിനതന്തിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ വിജയ് ലംഘിച്ചെന്ന് കാണിച്ച് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. നീലാങ്കരൈ പോളിംഗ് ബൂത്തിലായിരുന്നു വിജയിക്ക് വോട്ട്. കനത്ത സുരക്ഷാണ് നടനായി ഒരുക്കിയിരുന്നത്. കാരണം വന്‍ ജനക്കൂട്ടം തന്നെ താരത്തെ കാണാനായി എത്തിയിരുന്നു. അതേസമയം പരാതി നല്‍കിയ ആളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
തമിഴക വെട്രി കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റിവെച്ചാണ് വിജയ് റഷ്യയില്‍ നിന്നെത്തിയത്. നേരത്തെ വിജയ് വോട്ട് ചെയ്യാന്‍ എത്തുമോ എന്ന കാര്യത്തില്‍ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു. രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേര്‍ എത്തിയിരുന്നു. വീട് മുതല്‍ പോളിംഗ് ബൂത്ത് വരെ ആരാധകരുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് വിജയ് എത്തിയത്.
അതേസമയം തമിഴ്‌നാട്ടിലെ പോളിംഗില്‍ നടന്‍ സൂരിക്കും വലിയ നിരാശയാണ് ഉണ്ടായത്. താരത്തിന് ഇത്തവണ വോട്ട് ചെയ്യാനായില്ല. വോട്ടര്‍ പട്ടികയില്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് സൂരി പറഞ്ഞു.
അതേസമയം തന്റെ ആരാധകര്‍ വോട്ട് ചെയ്യണമെന്നും സൂരി അഭ്യര്‍ത്ഥിച്ചു. മുമ്പുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ഞാന്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ വോട്ടര്‍ പട്ടികയില്‍ എന്റെ പേരുണ്ടായിരുന്നില്ല. ശരിക്കും ഞാന്‍ അതില്‍ ഞെട്ടിപ്പോയെന്ന് സൂരി പറഞ്ഞു.
അതേസമയം തന്റെ ഭൊര്യ വോട്ട് ചെയ്‌തെന്നും താരം പറഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നറിയില്ല. വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നും സൂരി പറഞ്ഞു.
നിരവധി പേരാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. വിടുതലൈ എന്ന ചിത്രത്തിലൂടെ നായക വേഷത്തിലേക്ക് എത്തിയ നടനാണ് സൂരി. വെണ്ണില കബഡി കുഴുവിലെ താരത്തിന്റെ കോമഡി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications