തെലങ്കാനയില്‍ ഒവൈസിക്കൊപ്പം ചേരുമോ കോണ്‍ഗ്രസ്? ബിആര്‍എസ്സിനെ ഇല്ലാതാക്കാന്‍ ആവശ്യമെന്ന് ഫിറോസ് ഖാന്‍
ന്യൂഡല്‍ഹി: തെലങ്കാനയില്‍ അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി കൈകോര്‍ക്കുമെന്ന് അഭ്യൂഹം ശക്തം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫിറോസ് ഖാന്റെ പരാമര്‍ശമാണ് സഖ്യ സാധ്യതകള്‍ സജീവമാക്കിയിരിക്കുന്നത്. നേരത്തെ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി കെ ചന്ദ്രശേഖര റാവുവിനെയും ബിആര്‍എസ്സിനെയുമായിരുന്നു പിന്തുണച്ചിരുന്നത്.
കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ഒവൈസി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ ഏക അജണ്ട കെസിആറിന്റെ ബിആര്‍എസ്സിനെ പൂര്‍ണമായും ഇല്ലാതാക്കുകയാണ്. തെലങ്കാനയില്‍ നിന്ന് അവരെ തുടച്ചുനീക്കം. അതിനായി ഒവൈസിയുമായി കൂട്ടുകൂടാന്‍ തയ്യാറാണ്. ബിആര്‍എസ്സിനെ തകര്‍ക്കാന്‍ ഒവൈസിയെ ആവശ്യമാണെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

അതേസമയം ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ഫിറോസ് ഖാന്‍ പറയുന്നു. ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ മജ്‌ലിസ് പാര്‍ട്ടിയുമായി ചേരാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. ബിആര്‍എസ്സിനെ ഇല്ലാതാക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ മജ്‌ലിസ് പാര്‍ട്ടിയെ കോണ്‍ഗ്രസിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആജ് തക്കിനോടായിരുന്നു പ്രതികരണം. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്നും അവര്‍ പറഞ്ഞിട്ടില്ല. ഇത് തന്റെ മാത്രം പരാമര്‍ശമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡ് മജ്‌ലിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും സഖ്യമുണ്ടാക്കാനും നിര്‍ദേശിച്ചാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി അതിനെ അംഗീകരിക്കും. സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഞാന്‍ പോരാടും. ഞാനൊരു പോരാളിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോട് കൂറുള്ള പ്രവര്‍ത്തകനാണ്. ശത്രുത മാറ്റിവെച്ച് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചാല്‍ അത് ചെയ്യുന്നതിന് എനിക്ക് യാതൊരു മടിയുമായില്ല.
കോണ്‍ഗ്രസിനും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലങ്കാനയില്‍ കരുത്ത് പകരാനായി പ്രവര്‍ത്തിക്കുമെന്നും തെലങ്കാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയില്‍ ചെയ്ത് കൊണ്ടിരിക്കുന്നതും ഇതേ കാര്യങ്ങളാണെന്നും ഫിറോസ് ഖാന്‍ വ്യക്തമാക്കി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്ന് ഫിറോസ് ഖാന്‍ ഒവൈസിക്കെതിരെ മത്സരിച്ചിരുന്നു. എന്നാല്‍ വിജയിച്ചിരുന്നില്ല. 2019ല്‍ ഒന്‍പത് സീറ്റ് നേടി കെസിആറിന്റെ ബിആര്‍എസ്സാണ് തെലങ്കാനയില്‍ മുന്നിലെത്തിയത്. നാല് സീറ്റ് ബിജെപിക്കും, കോണ്‍ഗ്രസിന് മൂന്നും, മജ്‌ലിസ് പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചിരുന്നു.
ഇത്തവണ ഒവൈസിക്കെതിരെ ബിജെപി കെ മാധവിയെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത്തവണ ത്രികോണ പോരാട്ടം തെലങ്കാനയിലുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ബിആര്‍എസ് നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തോറ്റതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications