റായ്ബറേലിയിലും അമേഠിയിലും സസ്പെൻസ് തുടരും; ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. നിലവിലുണ്ടായിരുന്ന രണ്ട് സ്ഥാനാർത്ഥികളെ പിൻവലിച്ച് രണ്ടിടത്ത് പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. രാജസ്ഥാനിലെ രാജസമന്ദിൽ ദാമോദർ ഗുജ്ജർ സ്ഥാനാർഥിയാകും. സുദർശൻ റാവത്തിന് പകരമാണ് അദ്ദേഹം ഇവിടേക്ക് എത്തുന്നത്.
ഭിൽവാഡയിൽ മുൻ സ്‌പീക്കർ സിപി ജോഷി സ്ഥാനാർത്ഥിയാകും. ഭിൽവാഡയിൽ ദാമോദർ ജോഷിയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി. കർണാടകയിലെ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി എം വീരപ്പ മൊയ്‌ലിക്ക് പകരം പുതുമുഖത്തെ അവതരിപ്പിക്കുന്ന നിർണായക പ്രഖ്യാപനവും ഇതിൽ ഉണ്ടായിട്ടുണ്ട്.

2009ലും 2014ലും മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട 84കാരനായ കോൺഗ്രസ് നേതാവിന് പക്ഷേ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടി വന്നിരുന്നു. മൊയ്‌ലിക്ക് പകരം മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എംആർ സീതാറാമിന്റെ മകൻ രക്ഷ രാമയ്യയെയാണ് കോൺഗ്രസ് തിരഞ്ഞെടുത്തത്.
ബെല്ലാരിയിൽ (എസ്‌ടി) ഇ തുക്കാറാമിനെയും ചാമരാജനഗറിൽ (എസ്‌സി) സുനിൽ ബോസിനെയും കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതാംഘട്ട പട്ടിക കൂടി വന്നതോടെ ആകെ 211 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. 543 പാർലമെന്റ് മണ്ഡലങ്ങളാണ് ആകെ രാജ്യത്തുള്ളത്.
അതേസമയം, എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രിയങ്കയും മത്സരിക്കുമോ എന്ന സംശയം നിലനിൽക്കുന്ന ഈ മണ്ഡലങ്ങളുടെ കാര്യത്തിൽ പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസ് പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഈ സീറ്റുകളുടെ കാര്യത്തിൽ ഇതുവരെ കാര്യമായ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് ഈ ആഴ്‌ച ആദ്യം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഈ സീറ്റുകളിൽ (അമേഠി, റായ്ബറേലി) ഞങ്ങളുടെ കാഴ്‌ചപ്പാട് ഞങ്ങൾ അറിയിച്ചിരുന്നു. ഇനി തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. മാർച്ച് 27 ആയിരുന്നു ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.












Click it and Unblock the Notifications