'കോൺഗ്രസിന് 40 സീറ്റിൽ എങ്കിലും വിജയിക്കാൻ കഴിയുമോ എന്ന കാര്യം സംശയം'; ആഞ്ഞടിച്ച് മമത ബാനർജി
കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യിലെ പ്രധാന കക്ഷികളായ ടിഎംസിയും, കോൺഗ്രസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെ വീണ്ടും കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റുകൾ പോലും നേടാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നായിരുന്നു മമതയുടെ പരിഹാസം.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്‌തു. തൃണമൂലുമായുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് രാഹുൽ ഗാന്ധി ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മമതയുടെ കൂടുതൽ കടുത്ത ഭാഷയിലുള്ള ആക്രമണം വരുന്നത്.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെ സാധൂകരിക്കുന്ന നിലയിലല്ല ഇപ്പോഴത്തെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെന്നാണ് മമത നൽകുന്ന സൂചന.
ബംഗാളിലെ ആറ് ജില്ലകളിലൂടെ സഞ്ചരിച്ച കോൺഗ്രസിന്റെ 'ഭാരത് ജോഡോ ന്യായ് യാത്ര'യെയും മമത ശക്തമായി വിമർശിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചില "ദേശാടനപക്ഷികളുടെ" വെറും ഫോട്ടോഷൂട്ട് പരിപാടിയായാണ് അവർ രാഹുലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ന്യായ് യാത്രയെ വിശേഷിപ്പിച്ചത്.
"കോൺഗ്രസ് 300 സീറ്റുകളിൽ (ബിജെപി പ്രധാന പ്രതിപക്ഷമായ രാജ്യത്തുടനീളം) മത്സരിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു, പക്ഷേ അവർ അത് ചെവിക്കൊണ്ടില്ല. ഇപ്പോൾ, അവർ മുസ്ലീം വോട്ടർമാരെ ഇളക്കിവിടാൻ സംസ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. ഇപ്പോൾ അവർ 300ൽ മത്സരിച്ചാൽ അവർക്ക് 40 സീറ്റെങ്കിലും ലഭിക്കുമോ എന്നെനിക്ക് സംശയമുണ്ട്" മമത ബാനർജി പറഞ്ഞു.
സംസ്ഥാനത്തിന്റെ കുടിശ്ശിക കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്തയിൽ നടന്ന ധർണയെ അഭിസംബോധന ചെയ്യവെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന് തങ്ങൾ തയ്യറായിരുന്നുവെന്നും, കോൺഗ്രസാണ് ഇതിനെ തുരങ്കം വച്ചതെന്നുമാണ് ആരോപിച്ചത്. രണ്ട് സീറ്റുകൾ കോൺഗ്രസിന് വാഗ്‌ദാനം ചെയ്‌തെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാളിൽ പാർട്ടിയുടെ 'ഡിജിറ്റൽ മീഡിയ പ്രവർത്തകരുമായി' സംവദിക്കുന്നതിനിടെ, സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുമെന്ന ശുഭാപ്‌തിവിശ്വാസം രാഹുൽ ഗാന്ധി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ ഈ കടന്നാക്രമണം എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications