രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ചോദ്യ ചിഹ്നമായി ജമ്മു കശ്‌മീരും മണിപ്പൂരും
ന്യൂഡൽഹി: രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കൂടി കടക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്ന് വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കമ്മീഷന്റെ ആസ്ഥാനമായ വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിലെ തിരഞ്ഞെടുപ്പ് മാമാങ്കത്തിനുള്ള തീയതി പ്രഖ്യാപിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾക്ക് പുറമെ നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാൽ ആഭ്യന്തര കലാപങ്ങൾക്ക് വേദിയായ മണിപ്പൂർ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ഏപ്രിൽ പകുതിയോടെ ആരംഭിച്ച് മെയ് പകുതിയോടെ അവസാനിക്കുന്ന രീതിയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. മെയ് അവസാനത്തോടെ ആയിരിക്കും വോട്ടെണ്ണൽ നടക്കുക. കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സിംഗ് സന്ധു, ഗ്യാനേഷ് കുമാർ എന്നിവർക്കൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും ചേർന്നാകും വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക.
അതേസമയം, ആഭ്യന്തര കലാപം മൂലം കലുഷിതമായിരുന്ന മണിപ്പൂരിന്റെ തിരഞ്ഞെടുപ്പ് ഭാവി എന്താകുമെന്നാണ് കണ്ടറിയേണ്ടത്. കലാപം പൂർണമായും കെട്ടടങ്ങാത്ത മണിപ്പൂരിൽ എങ്ങനെയാവും തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് ചോദ്യം. ജമ്മു കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അവിടം സന്ദർശിച്ചിരുന്നു. ഇവിടെയും എങ്ങനെയാവും തിരഞ്ഞെടുപ്പ് എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം.
543 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇക്കുറി ജനവിധി തേടുന്നത്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16നാണ് അവസാനിക്കുക. അതിന് മുൻപ് തന്നെ പുതിയ സർക്കാർ അധികാരം ഏറ്റെടുക്കേണ്ടതുണ്ട്. ആ നിലയിലായിരിക്കും തിരഞ്ഞെടുപ്പ് തീയതികൾ വരിക. കഴിഞ്ഞ തവണ ഏപ്രിൽ 11 മുതൽ മെയ് 19 വരെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് വോട്ടെണ്ണലും നടന്നു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒട്ടേറെ വലിയ പ്രഖ്യാപനങ്ങൾക്കും മാറ്റങ്ങൾക്കും ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്, രാമക്ഷേത്ര ഉദ്‌ഘാടനം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, വനിതാ സംവരണ ബിൽ തുടങ്ങിയ നിർണായകമായ ഒട്ടേറെ പദ്ധതികളും, ഭരണ പരിഷ്‌കാരങ്ങളും ഒക്കെ നടപ്പിലാക്കിയ സംഭവ ബഹുലമായ അഞ്ച് വർഷങ്ങളുടെ മാർക്കിടൽ ആണ് ഇക്കുറി നടക്കുക. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളും ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.


Click it and Unblock the Notifications