വിശ്വാസ യോഗ്യമല്ല, മുഴുവന്‍ നുണയാണ്; ബിജെപിയുടെ പ്രകടനപത്രികയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രകടനപത്രികയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപി പ്രകടനപത്രികയില്‍ നല്‍കിയിട്ടുള്ള ഉറപ്പുകളെല്ലാം നുണകളാണ്. ഒരിക്കലും ഇതിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം പ്രകടനപത്രികയില്‍ ബിജെപി അവഗണിച്ചുവെന്നും പ്രതിപക്ഷം പറഞ്ഞു.
ദരിദ്രര്‍, യുവജനത, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചതാണ് പ്രകടനപത്രികയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് പുറത്തുവിട്ടത്. തന്റെ സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും, രാജ്യത്ത് എല്ലായിടത്തും തിരഞ്ഞെടുപ്പ് ഒരേസമയം നടത്തുമെന്നും ഉറപ്പുനല്‍കുമെന്നും മോദി പറഞ്ഞു.

ബിജെപിയുടെ പ്രകടനപത്രികയില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും കാണാനേയില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ബിജെപി ആഗ്രഹിക്കുന്നില്ല. ഇന്ത്യ സഖ്യത്തിന്റെ പ്ലാന്‍ വളരെ വ്യക്തമാണ്. 30 ലക്ഷം ഒഴിവുകളിലേക്ക് സ്ഥിരം ജോലി നല്‍കും.
വിദ്യാഭ്യാസമുള്ള എല്ലാ യുവാക്കള്‍ക്കും ഒരു ലക്ഷം രൂപ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത്തവണ യുവജനത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലയില്‍ വീഴാന്‍ പോകുന്നില്ല. രാജ്യത്താകെ കോണ്‍ഗ്രസിന്റെ കൈകള്‍ ശക്തമാക്കുമെന്നും അതിലൂടെ തൊഴില്‍ വിപ്ലവം കൊണ്ടുവരുമെന്നും രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപിയുടെ പ്രകടനപത്രികയെ പരിഹസിച്ചു. നാണംകെട്ട പ്രകടനപത്രികയാണ് ബിജെപിയുടേത്. അവരുടെ യഥാര്‍ത്ഥ പ്രകടനപത്രിക ഭരണഘടന മാറ്റുന്നതാണെന്നും പ്രിയങ്ക തുറന്നടിച്ചു. ബിജെപിയാണ് രാജ്യത്തിനെതിരെയുള്ള എല്ലാ ഗൂഡാലോചനകളും ആരംഭിക്കുന്നത്.
അതുപോലെ സമൂഹത്തിനും ജനാധിപത്യത്തിനുമെതിരെ അവര്‍ ഗൂഡാലോചന നടത്തുന്നു. ഭരണഘടനയ്ക്ക് മുന്നില്‍ നിന്നാണ് ഈ നേതാക്കള്‍ പലതും സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതേ ആളുകള്‍ ഭരണഘടനയെ തകര്‍ക്കാനുള്ള തിരക്കഥയാണ് തയ്യാറാക്കുന്നത്. പൂര്‍ണമായ അധികാരം ലഭിച്ചാല്‍ അവര്‍ ഭരണഘടനയെ ആക്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബാലാസാഹേബ് അംബേദ്കറുടെ ഭരണഘടന ഇന്ത്യയുടെ ആത്മാവാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണം. രാജ്യത്തെ ഭരണഘടന മാറ്റാന്‍ ശ്രമിക്കുന്നവരെ നമ്മളാണ് മാറ്റേണ്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മോദിക്കെതിരെ രംഗത്തെത്തി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുന്ന യാതൊന്നും മോദി ചെയ്യുന്നില്ല.
ബിജെപിയുടെ പ്രകടനപത്രികയെ ആരും വിശ്വസിക്കുന്നില്ലെന്നും ഖാര്‍ഗെ പഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പറഞ്ഞു. താങ്ങുവിലയും വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. ഇതെല്ലാം വെറും ഗ്യാരണ്ടികളാണ്. അത്തരം കാര്യങ്ങളൊന്നും മോദി ചെയ്യില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications