കോയമ്പത്തൂരില്‍ പൊടിപാറും, അണ്ണാമലൈ ജയിച്ചുകയറും? ഇടതിന് പകരം ഡിഎംകെ ശരിയാവുമോ?
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇത്തവണ ബിജെപി അത്ഭുതം കാണിക്കുമെന്ന് വെല്ലുവിളികള്‍ ഉയര്‍ന്ന് കഴിഞ്ഞു. അഞ്ച് സീറ്റ് വരെയാണ് പാര്‍ട്ടി തമിഴ്‌നാട്ടില്‍ ലക്ഷ്യമിടുന്നത്. കോയമ്പത്തൂരില്‍ ഈ വെല്ലുവിളി യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത ഏറെയാണ്. ഇത്തവണ വലിയ മാറ്റമാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷത്തിന്റെ കോട്ടയായ കോയമ്പത്തൂരില്‍ ഇത്തവണ അവരല്ല മത്സരിക്കുന്നത്. പകരം ഡിഎംകെയാണ്.
കഴിഞ്ഞ 28 വര്‍ഷത്തിനിടെ ആദ്യമായി മണ്ഡലത്തില്‍ ഒരു സാധ്യത ഡിഎകംകെ കാണുന്നുണ്ട്. 1996 മുതല്‍ ഈ മണ്ഡലത്തില്‍ ഡിഎംകെ വിജയിച്ചിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നുണ്ട്. ഡിഎംകെ ഗണപതി രാജ്കുമാറിനെയും മത്സരിപ്പിക്കുന്നു.

പല്ലാഡം, സുലൂര്‍, കാവുണ്ഡംപാളയം, കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ സൗത്ത്, സിംഗനല്ലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് കോയമ്പത്തൂര്‍ മണ്ഡലം. സിപിഎമ്മിന്റെ പിആര്‍ നടരാജനാണ് മണ്ഡലത്തിലെ സിറ്റിംഗ് എംപി. തമിഴ്‌നാട്ടില്‍ നിന്ന് സിപിഎമ്മിനുള്ള രണ്ട് എംപിമാരില്‍ ഒരാളാണ് അദ്ദേഹം.
കൊങ്കുനാട്ടില്‍ ഇത്തവണ നേട്ടമുണ്ടാക്കാനാവുമെന്നാണ് സിപിഎം കരുതുന്നത്. പക്ഷേ ഡിഎംകെ കോയമ്പത്തൂരില്‍ മത്സരിക്കുന്നതാണ് പ്രധാന പ്രശ്‌നം. 1957 മുതല്‍ ഏഴ് തവണ കോയമ്പത്തൂരിനെ പ്രതിനിധീകരിച്ചത് സിപിഎമ്മാണ്. ഇവിടെ അതിശക്തമായ പാര്‍ട്ടി സംവിധാനം സിപിഎമ്മിനുണ്ട്. ഡിഎംകെയ്ക്ക് പക്ഷേ അങ്ങനെ അവകാശപ്പെടാനില്ല.
അതേസമയം ഡിഎംകെ നടരാജനെ മാറ്റി പകരം കോയമ്പത്തൂരില്‍ മത്സരിക്കുന്നതിന് കാരണമുണ്ട്. നടരാജനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമുണ്ട്. അദ്ദേഹം ട്രേഡ് യൂണിയനുകളെ ഉപയോഗിച്ച് വ്യവസായ മേഖലയില്‍ ഇടപെടുന്നത് വ്യവസായികളെ അതൃപ്തരാക്കിയിരിക്കുകയാണ്.
മണ്ഡലത്തിലെ എല്ലാവരുമായും നല്ല ബന്ധവും നടരാജനില്ല ഡിഎംകെ മത്സരിക്കുന്നതിലൂടെ അണ്ണാഡിഎംകെ-ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കും. സ്റ്റാലിന്റെ ജനപ്രീതി കോയമ്പത്തൂരില്‍ ശക്തമാണ്. ഇതും സഖ്യത്തിന് ഗുണകരമാകും. എന്നാല്‍ ബിജെപി മുമ്പ് തന്നെ ഇവിടെ ശക്തമാണ്. പോരാട്ടം അത്ര എളുപ്പവുമാകില്ല.
1999ല്‍ ബിജെപി കോയമ്പത്തൂര്‍ സീറ്റ് വിജയിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ബിജെപി വേരോട്ടവുമുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപിക്ക് എംഎല്‍എയുണ്ട്. അണ്ണാഡിഎംകെയില്ലാത്തത് കൊണ്ട് ബിജെപി കോയമ്പത്തൂരില്‍ ദുര്‍ബലമായിരിക്കുകയാണ്.
ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും അതാണ് സൂചിപ്പിക്കുന്നത്. അണ്ണാമലൈയുടെ തീപ്പൊരി പ്രസംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബിജെപിയെ മണ്ഡലത്തില്‍ സഹായിക്കുന്നത്. ഭരണവിരുദ്ധ വികാരവും അതുപോലെ സഹായിച്ചേക്കാം. ജിഎസ്ടി അടക്കമുള്ള നികുതി പ്രശ്‌നങ്ങള്‍ മണ്ഡലത്തിലുണ്ട്. ഇത് കേന്ദ്രത്തിനെതിരെയാണ്.












Click it and Unblock the Notifications