ഖാര്‍ഗെ, രാഹുല്‍, സോണിയ, പവാര്‍, യെച്ചൂരി, കെജ്രിവാള്‍, രാജ..; യോഗം ചേര്‍ന്ന് ഇന്ത്യാസഖ്യം, '295 സീറ്റുറപ്പ്'
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് യോഗം ചേര്‍ന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിലാണ് യോഗം ചേര്‍ന്നത്. വോട്ടെടുപ്പും റെമാല്‍ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രം യോഗത്തില്‍ പങ്കെടുത്തില്ല.
കോണ്‍ഗ്രസില്‍ നിന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുത്തു. അഖിലേഷ് യാദവ് (എസ്പി), ശരദ് പവാര്‍ (എന്‍സിപി), അരവിന്ദ് കെജ്രിവാള്‍, ഭഗവന്ത് മാന്‍ (എഎപി) ടിആര്‍ ബാലു (ഡിഎംകെ), തേജസ്വി യാദവ് (ആര്‍ജെഡി), ചമ്പൈ സോറന്‍ (ജെഎംഎം), ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്). ഡി രാജ (സിപിഐ), സീതാറാം യെച്ചൂരി (സിപിഎം), അനില്‍ ദേശായി ശിവസേന (യുബിടി), ദീപങ്കര്‍ ഭട്ടാചാര്യ സിപിഐ(എംഎല്‍), മുകേഷ് സഹാനി (വിഐപി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

295 ലോക്സഭാ സീറ്റുകളെങ്കിലും ഇന്ത്യാ സഖ്യം നേടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ജനങ്ങളുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് 295 സീറ്റുകള്‍ ലഭിക്കുന്നത് എന്നും ഖാര്‍ഗെ പറഞ്ഞു. 'ഇന്ന് ഞങ്ങള്‍ രണ്ടര മണിക്കൂര്‍ യോഗം ചേര്‍ന്ന് ഒന്നിലധികം വിഷയങ്ങളെയും പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകളെയും കുറിച്ച് സംസാരിച്ചു. സഖ്യത്തിന്റെ ദൗര്‍ബല്യത്തെക്കുറിച്ചും ഞങ്ങള്‍ പഠിച്ച പാഠത്തെക്കുറിച്ചുമാണ് ഞങ്ങള്‍ സംസാരിച്ചത്. വോട്ടെണ്ണല്‍ ദിവസത്തിനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു, ''അദ്ദേഹം പറഞ്ഞു.
'വിവാഹത്തിന് മുമ്പ് ഗർഭിണി, ഗൗതത്തിന്റെ അച്ഛന് ഇഷ്ടമല്ല'; അന്നത്തെ ആ 'ചർച്ചക'ളെക്കുറിച്ച് മഞ്ജിമ
സംസ്ഥാന-ജില്ലാ തലങ്ങളില്‍ സുഗമമായ വോട്ടെണ്ണല്‍ ഉറപ്പാക്കാനുള്ള തന്ത്രം ആവിഷ്‌കരിക്കാനാണ് യോഗത്തിന് ഔദ്യോഗിക കാരണമായി പറഞ്ഞിരിക്കുന്നത് എങ്കിലും കക്ഷികളെ ഒരുമിച്ച് നിര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന സാഹചര്യത്തില്‍ സഖ്യകക്ഷികളെ ഒന്നിച്ച് നിര്‍ത്തേണ്ടത് നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
എന്‍ഡിഎയ്ക്ക് 260-270 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കേവലഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. നേരത്തെ സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവ് എന്‍ഡിഎയ്ക്ക് 270 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന് പ്രവചിച്ചിരുന്നു. അതേസമയം ഈ സംഖ്യയില്ലെങ്കിലും ഒന്നിച്ച് നില്‍ക്കാനാണ് സഖ്യം ആഗ്രഹിക്കുന്നത്. പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറയുന്നത്.
'പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല, എല്ലാ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും അതീവ ജാഗ്രതയിലാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ എല്ലാവരോടും ഒപ്പം പോരാടി. ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ പിന്തുണച്ചതുപോലെ, ഒരു നല്ല ഫലത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ട്', അദ്ദേഹം എക്‌സില്‍ കുറിച്ചു. അതേസമയം വോട്ടെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ഇന്ന് വരാനിരിക്കുന്ന എക്‌സിറ്റ് പോൡലാണ്.
ഇന്നലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇന്ന് യോഗത്തിന് ശേഷം നിലപാട് മാറ്റിയിട്ടുണ്ട്. എല്ലാ കക്ഷി നേതാക്കളും എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും എന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടിലെ കന്യാകുമാരിയിലെ വിവേകാനന്ദ റോക്ക് സ്മാരകത്തില്‍ 45 മണിക്കൂര്‍ ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് മടങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications