മാണ്ഡിയില്‍ നിന്ന് ജയിച്ചാല്‍ ബോളിവുഡ് വിടും, ചില കാര്യങ്ങള്‍ അവിടെ പൂര്‍ത്തിയാക്കാനുണ്ടെന്നും കങ്കണ
ന്യൂഡല്‍ഹി: നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റനാവത്ത് മാണ്ഡിയില്‍ നിന്ന് ജയിച്ചാല്‍ സിനിമ ഉപേക്ഷിക്കും. അടുത്തിടെയുള്ള ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മാണ്ഡിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ തീര്‍ച്ചയായും ബോളിവുഡ് വിടും. ഒരു സമയം ഒരു കാര്യത്തിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തന്റെ അഭിനിവേശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കാര്യങ്ങളെയാണ് താന്‍ സ്വീകരിക്കുകയെന്ന് കങ്കണ പറഞ്ഞു. ബോളിവുഡും രാഷ്ട്രീയവും തമ്മില്‍ എങ്ങനെയാണ് ബാലന്‍സ് ചെയ്ത് കൊണ്ടുപോവുക എന്ന ചോദ്യത്തിന് ആജ് തക്കിനോടാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുന്നതാണ് എന്റെ രീതി.

ബോളിവുഡ് വിടുന്നതിന് മുമ്പ് അവിടെ മുമ്പ് തുടങ്ങി വെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. എന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളതെന്നും കങ്കണ പറഞ്ഞു. മാണ്ഡിയില്‍ തിരഞ്ഞെടുക്കപ്പെടുകയും, താന്‍ മുമ്പ് ആരംഭിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ബോളിവുഡ് വിട്ടിരിക്കും. സിനിമ ലോകം എന്നത് നുണയാണ്. അവിടെയുള്ള എല്ലാം വ്യാജമാണ്. അവര്‍ മറ്റൊരു അന്തരീക്ഷമാണ് ഉണ്ടാക്കാന്‍ നോക്കുക.
അവിടെ വ്യാജമായ ലോകം ഉണ്ടാക്കിയെടുക്കുകയാണ്. അതിലൂടെ പ്രേക്ഷകരിലേക്ക് എത്താനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുക. ഇതാണ് ബോളിവുഡിലെ യാഥാര്‍ത്ഥ്യം. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ടതുണ്ടായിരുന്നു എനിക്ക്.
എന്നാല്‍ എന്നേക്കാള്‍ നന്നായി അതാര്‍ക്കും ചെയ്യാനാവില്ലെന്ന് മനസ്സിലായി. ഞാന്‍ ജനസേവനത്തില്‍ പുതിയ ആളാണ്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അത് മനസ്സിലാക്കിയാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകാനാവുമെന്നും കങ്കണ പറഞ്ഞു.
അതിയായ അഭിനിവേശമുള്ള വ്യക്തിയാണ് ഞാന്‍. എനിക്ക് ഒരു ജോലി വേണമെന്ന് ആവശ്യമില്ലായിരുന്നു. സിനിമകളില്‍ തിരക്കഥ എഴുതാന്‍ ഞാന്‍ ആരംഭിച്ചിരുന്നു. ഒരു റോള്‍ ചെയ്ത് ബോര്‍ അടിക്കുമ്പോള്‍ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യാറുണ്ടായിരുന്നു ഞാന്‍.
അതുകൊണ്ട് എന്റെ മനസ്സ് സര്‍ഗാത്മകതയാല്‍ നിറഞ്ഞിരിക്കുകയായിരുന്നു. ഒരു കാര്യത്തില്‍ അഭിനിവേശത്തോടെ ഇടപെടണമെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രീയത്തില്‍ അത്തരമൊരു സാധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അതുപോലെ പ്രവര്‍ത്തിക്കും. എന്നാല്‍ അതിലേക്ക് ഞാന്‍ വലിച്ചിഴക്കപ്പെട്ടതാണെന്ന് തോന്നുന്നുണ്ടെങ്കില്‍ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും കങ്കണ പറഞ്ഞു.
അതേസമയം ഇന്ദിരാ ഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥയും പ്രമേയമാക്കി എമര്‍ജന്‍സി എന്ന ചിത്രമാണ് കങ്കണ അടുത്തതായി ചെയ്യുന്നത്. ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുക. കങ്കണ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായത് കൊണ്ടാണ് ഈ ചിത്രത്തിന്റെ റിലീസ് നീട്ടുന്നത്.












Click it and Unblock the Notifications