സിഎഎ നടപ്പാക്കില്ല, മാസം 10 എല്‍പിജി സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനങ്ങളുമായി തൃണമൂല്‍ പ്രകടനപത്രിക
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. പൗരത്വം നിയമം നടപ്പാക്കില്ലെന്ന വാഗ്ദാനമാണ് പ്രകടനപത്രികയിലുള്ളത്. കോണ്‍ഗ്രസ്, ഡിഎംകെ, തുടങ്ങിയ ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളും പൗരത്വം നിയമം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ പത്ത് എല്‍പിജി സിലിണ്ടറുകള്‍ വര്‍ഷത്തില്‍ നല്‍കുമെന്നാണ് തൃണമൂല്‍ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങളും മാസം നല്‍കും. അരി, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവ അടങ്ങിയതായിരിക്കും ഈ റേഷന്‍. കര്‍ഷകരെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചിട്ടുണ്ട്.

താങ്ങുവില വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും കര്‍ഷകര്‍ക്ക് ഉണ്ടാവുമെന്നും മമത പറഞ്ഞു. അതേസമയം ഡല്‍ഹിയില്‍ മാസങ്ങളോളം നീണ്ട പ്രതിഷേധമാണ് കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തുന്നത്. ആദ്യ ഘട്ടം 2020ലായിരുന്നു ആരംഭിച്ചിരുന്നു. ഈ വര്‍ഷം രണ്ടാം ഘട്ട പ്രതിഷേധവും കര്‍ഷകര്‍ ആരംഭിച്ചിരുന്നു.
എംഎസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്ന് തൃണമൂല്‍ പറഞ്ഞു. ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്നതായിരിക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ശരാശരി വിലയെന്നാണ് സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ. ഇന്ധന വിലയിലും നിയന്ത്രണമുണ്ടാകുമെന്നും തൃണമൂല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
പെട്രോളിന്റെയും ഡീസലിന്റെയും വില ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തിലേക്ക് കൊണ്ടുവരും. അന്താരാഷ്ട്ര വിപണിയിലെ വിലയെ നിയന്ത്രിക്കാന്‍ വില നിയന്ത്രണ ഫണ്ട് സ്ഥാപിക്കുമെന്നും, ഇതിലൂടെ ഭാവിയിലെ വിലയിലെ മാറ്റങ്ങളെ നേരിടാന്‍ സാധിക്കുമെന്നും തൃണമൂല്‍ പ്രകടനപത്രികയില്‍ പറയുന്നു. തൊഴില്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞത് നൂറ് ദിവസത്തെ തൊഴില്‍ ഉറപ്പാക്കുമെന്ന് പ്രകടനപത്രികയിലുണ്ട്.
രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ദേശവ്യാപകമായി 400 രൂപ പ്രതിദിനം കൂലിയായി ലഭിക്കും. പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മൂന്നിരട്ടിയായി ഉയര്‍ത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തൃണമൂല്‍ ഉറപ്പ് നല്‍കുന്നു. ഇത് ഒബിസികള്‍ക്കും, പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്കും ബാധകമായിരിക്കും. നിലവിലെ പെന്‍ഷന്‍ പദ്ധതി മാറ്റി മാസം ആയിരം രൂപ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കുമെന്നും തൃണമൂല്‍ പറഞ്ഞു.
എല്ലാ ദരിദ്രകുടുംബങ്ങള്‍ക്കും വീട് നല്‍കുമെന്നും പ്രകടനപത്രികയിലുണ്ട്. സുരക്ഷിതമായ വീടായിരിക്കും നല്‍കുകയെന്നും മമത പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി പുതിയ സര്‍ക്കാരുണ്ടാക്കുമ്പോള്‍ ഞങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണിതെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രയന്‍ പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പും മമത വോട്ടര്‍മാര്‍ക്ക് നല്‍കി. കോണ്‍ഗ്രസ് എപ്രില്‍ അഞ്ചിനാണ് പ്രകടനപത്രിക പുറത്തിറക്കിയത്.












Click it and Unblock the Notifications