രാഹുലോ മമതയോ? ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ്? ഖാര്‍ഗെയുടെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ്? കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മാധ്യമങ്ങളാണ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്. രസകരമായ മറുപടിയാണ് അ്‌ദേഹം നല്‍കിയത്. ആരാകും കോടിപതി എന്ന് ചോദിക്കുന്നത് പോലെയാണ് അതിന്റെ ഉത്തരമെന്നായിരുന്നു ഖാര്‍ഗെയുടെ നര്‍മം കലര്‍ന്ന മറുപടി.
അമിതാഭ് ബച്ചന്റെ കോന്‍ബനേഗ ക്രോര്‍പതി മോഡലിലായിരുന്നു ഖാര്‍ഗെ മറുപടി നല്‍കിയത്. ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കിയാല്‍, ആരാകും പ്രധാനമന്ത്രിയെന്ന് സഖ്യത്തിലെ നേതാക്കളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഷിംലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത്.

അതേസമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചോദ്യങ്ങള്‍ക്കുള്ള ചര്‍ച്ച അനാവശ്യമാണ്. കോണ്‍ഗ്രസ് ഭരിച്ച 10 വര്‍ഷക്കാലം നോക്കൂ, 2004 മുതല്‍ 2014 വരെ ഞങ്ങള്‍ ഭരിച്ചിരുന്നു. അന്നൊന്നും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചത് തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കൊണ്ടല്ലെന്നും ഖാര്‍ഗെ ഓര്‍മിപ്പിച്ചു.
2004ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയാ ഗാന്ധി പ്രധാനമന്ത്രിയാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലായിരുന്നു. 140 സീറ്റായിരുന്നു ലഭിച്ചത്. 2009ല്‍ 209 സീറ്റുകള്‍ നേടിയാണ് ഞങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയത്. യുപിഎ സഖ്യമുണ്ടാക്കി ഞങ്ങള്‍ പത്ത് വര്‍ഷമാണ് ഭരിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.
ചിലപ്പോഴൊക്കെ ബുദ്ധിശാലികളായ ആളുകള്‍ പോലും ചരിത്രം മറക്കുമെന്ന് ബിജെപി ലക്ഷ്യമിട്ട് കൊണ്ട് ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണം നടത്തിയിരുന്നു. ബിജെപി ഈ രാജ്യത്തോട് കള്ളം പറഞ്ഞിരിക്കുയാണ് 2014ല്‍ രണ്ട് കോടി തൊഴില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.
വിലക്കയറ്റം കുറയ്ക്കുമെന്ന് അവര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. 2014ലും 2019ലും പ്രധാനമന്ത്രി വമ്പന്‍ വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍ ജയിച്ചതിന് ശേഷം അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. പ്രകൃതി ദുരന്തം അലയടിച്ചപ്പോള്‍ മോദി ഒരിക്കലും ഹിമാചലിനെ സഹായിച്ചില്ല.
രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളെ വീഴ്ത്താനാണ് ബിജെപി ആകെ ശ്രമിക്കുന്നത്. ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും അവര്‍ വീഴ്ത്താന്‍ നോക്കിയെന്നും ഖാര്‍ഗെ ആരോപിച്ചു. ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതാണ് ഖാര്‍ഗെ വിമര്‍ശനത്തിനായി ഉയര്‍ത്തി കാണിച്ചത്.












Click it and Unblock the Notifications