ഇന്ത്യ സഖ്യത്തെ ഇല്ലാതാക്കാന്‍ നോക്കുന്നത് 2 ശത്രുക്കള്‍, വെളിപ്പെടുത്തി ഡെറിക് ഒബ്രയന്‍
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന് മുന്നില്‍ ഇപ്പോള്‍ രണ്ട് ശത്രുക്കളാണ് ഉള്ളതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍. ഈ രണ്ട് ശത്രുക്കളും പ്രതിപക്ഷ സഖ്യത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണെന്നും ഒബ്രയന്‍ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുമാണ് ആ ശത്രുക്കളെന്ന് ഒബ്രയന്‍ പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസും ടിഎംസിയും തമ്മില്‍ വലിയ വാഗ്വാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഒബ്രയന്‍ ചൗധരിയെ രൂക്ഷമായി വിമര്‍ശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മമത ബിജെപി ഏജന്റാണെന്നും, സീറ്റുകളുടെ കാര്യത്തില്‍ ഔദാര്യം വേണ്ടെന്നുമായിരുന്നു അധീര്‍ ചൗധരിയുടെ പരാമര്‍ശം.

അധീര്‍ ചൗധരി ബിജെപിയുടെ ഭാഷയാണ് സംസാരിക്കുന്നത്. ബംഗാളില്‍ സഖ്യം വരാത്തതിന് മൂന്ന് കാരണങ്ങളാണ് ഉള്ളത്. മൂന്നും അധീര്‍ രഞ്ജന്‍ ചൗധരി തന്നെയാണെന്നും ഒബ്രയന്‍ ആരോപിച്ചു. ബിജെപിക്ക് വേണ്ടിയാണ് അധീര്‍ ചൗധരി പ്രവര്‍ത്തിക്കുന്നത്. സഖ്യം ഉണ്ടാവാത്തതിന് പ്രധാന കാരണം അദ്ദേഹം തന്നെയാണെന്നും ഒബ്രയന്‍ കുറ്റപ്പെടുത്തി.
അതേസമയം മമത ബാനര്‍ജി ബംഗാളില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നല്‍കാമെന്ന് അറിയിച്ചത്. ഇതാണ് ചൗധരിയെ ചൊടിപ്പിച്ചത്. ബംഗാളില്‍ നിലവില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുണ്ട്. എന്നാല്‍ ഈ രണ്ട് സീറ്റ് മമത തരേണ്ടതില്ല, കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാന്‍ അറിയാമെന്നാണ് ചൗധരി പറഞ്ഞത്.
അതേസമയം കോണ്‍ഗ്രസ് ദേശീയ നേതൃത്വം മമതയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ സഖ്യം ബംഗാളില്‍ ഉണ്ടാവില്ലെന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അധീറിനെ നിയന്ത്രിക്കുന്നത് ബിജെപിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം സംസാരിക്കുന്നത് അവരുടെ ഭാഷയിലാണ്. ഒരിക്കല്‍ പോലും കേന്ദ്ര ഫണ്ടില്ലാതെ ബംഗാള്‍ ബുദ്ധിമുട്ടുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും ഒബ്രയിന്‍ ആരോപിക്കുന്നു.
ബംഗാളില്‍ ഇഡിയുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. മമത ബാനര്‍ജിയെ താഴ്ത്തി കെട്ടാണ് വാര്‍ത്താ സമ്മേളനം വിളിക്കുക വരെ ചെയ്ത നേതാവാണ് അധീര്‍. അദ്ദേഹം ബിജെപി നേതാക്കള്‍ക്കെതിരെ സംസാരിക്കാറില്ലെന്നും ഒബ്രയന്‍ ആരോപിച്ചു.
പൊതുതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ബിജെപിയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍, തീര്‍ച്ചയായും ആ സഖ്യത്തിന്റെ ഭാഗമാവാന്‍ തൃണമൂല്‍ തയ്യാറാണെന്നും ഒബ്രയന്‍ അറിയിച്ചു. അതേസമയം മമത ബാനര്‍ജിയില്ലാതെ ഇന്ത്യ സഖ്യത്തെ ചിന്തിക്കാന്‍ പോലുമാവില്ലെന്ന് നേരത്തെ ജയറാം രമേശ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം മമതയുമായി അവസാന ശ്രമം നടത്തുമെന്നാണ് സൂചന. മമതയെ അവസരവാദി എന്ന് വിളിച്ചത് അടക്കം തൃണമൂലിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.












Click it and Unblock the Notifications