കോണ്‍ഗ്രസിനോട് ഇത്രയേ പറയാനുള്ളൂ, ബംഗാളിലെ സാഹചര്യം മനസ്സിലാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു. ഇന്ന് നടന്ന വിര്‍ച്വല്‍ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ഇന്ത്യ സഖ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് പറയുകയാണ് മമത ബാനര്‍ജി.
എന്നാല്‍ കോണ്‍ഗ്രസിനെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഓര്‍മപ്പെടുത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളില്‍ കോണ്‍ഗ്രസ് അവരുടെ പരിമിതികള്‍ മനസ്സിലാക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. തൃണമൂല്‍ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കണമെന്ന് തൃണമൂല്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ബംഗാളില്‍ ആവശ്യപ്പെടുന്നതാണ് മമതയെ അടക്കം ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ ബംഗാളിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മമതയെ ചൊടിപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിന് ബംഗാളില്‍ മത്സരിക്കുന്ന മമതയുടെ ഔദാര്യം വേണ്ടെന്നായിരുന്നു അധീര്‍ ചൗധരിയുടെ പരാമര്‍ശം. വ്യക്തിപരമായ ആക്രമണവും സഖ്യവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന മറുപടിയും മമത ഇക്കാര്യത്തില്‍ നല്‍കിയിരുന്നു. നിലവില്‍ ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴി മുട്ടി നില്‍ക്കുകയാണ്.
ബംഗാളില്‍ പ്രധാന പ്രശ്‌നം സംസ്ഥാന നേതൃത്വവും തൃണമൂല്‍ നേതൃത്വവുമായി ഉള്ള പ്രശ്‌നങ്ങളാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും ബംഗാളിലെ സീറ്റ് വിഭജനത്തോട് താല്‍പര്യമില്ല. ഇന്ന് കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുമായി അടക്കം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമായും സീറ്റ് വിഭജനമായിരുന്നു ചര്‍ച്ചകളില്‍ ഇടംപിടിച്ചത്.
എഎപിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരിക്കുകയാണ്. എന്നിട്ടും തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കാരണം ഇന്ത്യ സഖ്യത്തില്‍ നിന്ന് വിട്ടുപോകില്ലെന്നാണ് തൃണമൂല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നിന്ന് പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ കോണ്‍ഗ്രസ് അവരുടെ ബലഹീനതകളും അതുപോലെ ദൗര്‍ബല്യവും മനസ്സിലാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ ബംഗാളില്‍ മുന്നില്‍ നിന്ന് പോരാടാന്‍ അനുവദിക്കണമെന്ന് തൃണമൂല്‍ എംപി പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ മമത ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും, നേരത്തെ തീരുമാനിച്ച കാര്യങ്ങളുണ്ടെന്നും തൃണമൂല്‍ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യ സഖ്യത്തില്‍ നിന്ന് ഒരു നേതാവിന് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. അതുകൊണ്ടാണ് മറ്റൊരു നേതാവും പങ്കെടുക്കാതിരുന്നതെന്നും ടിഎംസി എംപി വ്യക്തമാക്കി.












Click it and Unblock the Notifications