അധീര്‍ ചൗധരിയുടെ കോട്ടയിലും മത്സരിക്കാന്‍ തൃണമൂല്‍, കോണ്‍ഗ്രസ് പടിക്ക് പുറത്ത്? സഖ്യവും പൊളിഞ്ഞു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇന്ത്യ സഖ്യം ഉണ്ടായേക്കില്ല. ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് മമത ബാനര്‍ജി നല്‍കുന്നത്. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ചര്‍ച്ചകള്‍ എല്ലാം നേരത്തെ പരാജയപ്പെട്ടിരുന്നു.
ബംഗാളില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സഖ്യത്തിനായിരുന്നു ഇരുപാര്‍ട്ടികളും ശ്രമിച്ചത്. എന്നാല്‍ തൃണമൂല്‍ വെച്ച് നീട്ടുന്ന സീറ്റുകള്‍ സ്വീകരിച്ച് മിണ്ടാതിരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം അറിയിച്ചത്. ഇത് മമത ബാനര്‍ജിയെ അടക്കം ചൊടിപ്പിച്ചിരുന്നു. അധീര്‍ രഞ്ജന്‍ ചൗധരിയുമായി നല്ല ബന്ധം തണമൂലിന് ഇല്ലാത്തതും സഖ്യത്തിന് തടസ്സം നില്‍ക്കുന്നുണ്ട്.

ബംഗാളിലെ 42 സീറ്റിലും തൃണമൂല്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ലോക്‌സഭാ സീറ്റായ ബെറംപൂരില്‍ അടക്കമായിരിക്കും മത്സരിക്കുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലമാണിത്. ഈ മണ്ഡലത്തിലെ സിറ്റിംഗ് എംപി കൂടിയാണ് ചൗധരി.
മുര്‍ഷിദാബാദ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തൃണമൂല്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ സംസ്ഥാന സമിതി ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ല. മുര്‍ഷിദാബാദ് കോണ്‍ഗ്രസിന് സ്വാധീന പ്രദേശം കൂടിയാണ്. ജാങ്കിപൂര്‍, ബെറംപൂര്‍, മുര്‍ഷിദാബാദ് എന്നീ മൂന്ന് സീറ്റുകളാണ് ഇവിടെയുള്ളത്.2019ല്‍ ബെറംപൂര്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബാക്കി രണ്ടിലും വിജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്.
അതേസമയം അധീറിനെ ഇത്തവണ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് തൃണമൂലിനുള്ളത്. കാരണം 1999 മുതല്‍ ഈ സീറ്റില്‍ വിജയിക്കുന്നുണ്ട് ചൗധരി. കോണ്‍ഗ്രസിന്റെ കോട്ടയാണ് ബെറംപൂര്‍. മമത ഇതുവരെ അനുനയം കാണിക്കാത്ത സാഹചര്യത്തില്‍ നഷ്ടം കോണ്‍ഗ്രസിന് തന്നെയാണ്. തൃണമൂല്‍ രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് ഓഫര്‍ ചെയ്യുന്നത്.
എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് വിജയിക്കുന്ന രണ്ട് സീറ്റുകള്‍ മാത്രം നല്‍കി കൊണ്ടുള്ള സഖ്യം നടക്കില്ലെന്നാണ് അധീര്‍ അടക്കമുള്ള നേതാക്കള്‍ അറിയിച്ചത്. കൂടുതല്‍ സീറ്റിനായി കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു. ഏഴ് സീറ്റുകള്‍ വരെ മമത നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ സര്‍പ്രൈസ് സംസ്ഥാനത്ത് നടന്നിരുന്നു. 42 സീറ്റില്‍ ബിജെപി പതിനെട്ടിടത്ത് വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റും തൃണമൂലിന് 22 സീറ്റുമാണ് ലഭിച്ചത്. സംസ്ഥാനത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സീറ്റ് വിഭജനം നടത്തേണ്ടതെന്ന് നേരത്തെ തൃണമൂല്‍ പറഞ്ഞിരുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ഇതിനായി പരിഗണിക്കാനും തൃണമൂല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്ഗ്രസ് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ട് നേടിയിരുന്നത്. ഇതുപ്രകാരം വലിയ നഷ്ടം കോണ്‍ഗ്രസിന് സംഭവിക്കുമായിരുന്നു. അതാണ് സഖ്യത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എതിര്‍ക്കുന്നത്.












Click it and Unblock the Notifications