വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; നടപടി അർധരാത്രി വരെ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം
ന്യൂഡൽഹി: വിവാദമായ വഖഫ് ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ. അർധരാത്രി പന്ത്രണ്ട് മണി വരെ നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിലാണ് വിഷയത്തിൽ വോട്ടെടുപ്പ് നടന്നത്. അതിൽ പ്രതീക്ഷിച്ചത് പോലെ തന്നെ ഭരണകക്ഷി ബിൽ പാസാക്കുകയിരുന്നു. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ, വഖഫ് ഭേദഗതി ബില്ലിനെ 288 എംപിമാർ അനുകൂലിച്ചും 232 പേർ എതിർത്തും വോട്ട് ചെയ്‌തതായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു.
രാജ്യസഭയിലും ഇന്ന് തന്നെ സമാനമായി ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുമെന്നാണ് സൂചന. രാജ്യസഭയിലും നിലവിൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് പറയത്തക്ക ആശങ്കകൾ ഒന്നുമില്ല. ഇതോടെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലും പെട്ടെന്ന് തന്നെ ബിൽ പാസാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മന്ത്രി കിരൺ റിജിജു മറുപടി നൽകി. ബിൽ ഭരണഘടനാപരവും നിയമപരവുമാണ്. 'ഭരണഘടനാപരം', 'ഭരണഘടനാ വിരുദ്ധം' എന്നീ വാക്കുകൾ നിസാരമായി ഉപയോഗിക്കരുത്. ജനാധിപത്യം പോലുള്ള ഈ വാക്കുകളുടെ അർത്ഥം നമ്മൾ മനസിലാക്കണമെന്നാണ് കിരൺ റിജുജു പറഞ്ഞത്.
നിങ്ങൾ ഞങ്ങൾക്കെതിരെ പ്രീണന രാഷ്ട്രീയം ആരോപിച്ചു കൊണ്ടേയിരിക്കുന്നു. ആരാണ് പ്രീണനം നടത്തുന്നത്? നിങ്ങൾ ഭരണഘടനയുടെ ഒരു പകർപ്പ് കൊണ്ടുനടക്കുന്നു. ത്രിവർണ്ണ പതാകയും ഭരണഘടനയും പിടിക്കുന്നത് നല്ല കാര്യമാണ്, പക്ഷേ നിങ്ങൾക്ക് ഒരേസമയം സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് അങ്ങനെയല്ല. ഭരണഘടനയുടെ ആത്മാവിനൊപ്പം ജീവിക്കണം; അദ്ദേഹം പറഞ്ഞു.
മറുപടിയിലും കിരൺ റിജുജു മുനമ്പം വിഷയം പരാമർശിച്ചു. വഖഫ് ബില്ല് മുസ്ലിം വിരുദ്ധമല്ലെന്നും ബില്ല് പാസായാല്‍ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വഖഫ് ബൈ യൂസര്‍ വ്യവസ്ഥ ഒഴിവാക്കിയതിനെതിനെയും അദ്ദേഹം ന്യായീകരിച്ചു. ക്രൈസ്‌തവസംഘടനകള്‍ പിന്തുണയ്ക്കുന്നത് പഠിക്കാതെയാണോയെന്നും അദ്ദേഹം ചോദിച്ചു.
വഖഫ് ഭേദഗതി ബില്ലിൽ ഏപ്രിൽ രണ്ട് ഉച്ചയ്ക്ക് 12 മണിയോടെയാണ് ചർച്ചകൾ തുടങ്ങിയത്. 12 മണിക്കൂറോളമാണ് ചർച്ചകൾ നടന്നത്. പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് ഭേദഗതിയെ ചോദ്യം ചെയ്‌തത്. ഇന്ത്യ സഖ്യം ഒന്നാകെ ഒരുമിച്ചു നിന്ന് കൊണ്ടാണ് ബില്ലിനെ നേരിട്ടത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളി.
അമുസ്ലീങ്ങളെ കൂടി വഖഫ് ബോർഡിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമ ഭേദഗതി നിലവിൽ വരുന്നത്. ഇതോടെ പ്രതിപക്ഷം കാര്യമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ഇതൊക്കെയും തള്ളിക്കൊണ്ടാണ് കേന്ദ്രനീക്കം. മതപരമായ കാര്യങ്ങളിൽ അവർ ഇടപെടില്ലെന്നാണ് അമിത് ഷാ ഇതിന് നൽകിയ മറുപടി.












Click it and Unblock the Notifications