ലോക്‌നീതി-സിഎസ്‌ഡിഎസ് സർവെ പുറത്ത് ; ഉത്തർപ്രദേശിൽ തുടർഭരണമോ, ഭരണമാറ്റമോ ?
ലഖ്‌നൗ : ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ഫലം നാളെ പുറത്തുവരാനിരിക്കെ അവസാനമായി പുറത്തുവിട്ട എക്‌സിറ്റ് പോസ്റ്റ് പോളിലും ബിജെപിക്ക് മുൻതൂക്കം. ഉത്തർപ്രദേശിൽ ബിജെപിക്കും പഞ്ചാബിൽ ആംആദ്‌മിക്കുമാണ് സർവെ വിജയം പ്രവചിക്കുന്നത്. യുപിയിൽ ബിജെപി സഖ്യത്തിന് 43 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നാണ് ലോക്‌നീതി-സിഎസ്‌ഡിഎസ് സർവെ. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി 35 ശതമാനം വോട്ട് നേടുമെന്നും സർവെ പ്രവചിക്കുന്നു. മായാവതിയുടെ ബിഎസ്‌പി 15 ശതമാനം വോട്ടും കോൺഗ്രസ് മൂന്ന് ശതമാനം വോട്ടും മറ്റുള്ളവർ നാല് ശതമാനം വോട്ടും നേടുമെന്ന് സർവെ പറയുന്നത്.
ഉത്തരാഖണ്ഡിലും പഞ്ചാബിലും വൻ പരാജയമാകും കോൺഗ്രസ് നേരിടുക. ഗോവയിൽ തൂക്കു മന്ത്രിസഭക്കാണ് സാധ്യതയെന്നും സർവെ പറയുന്നു. പഞ്ചാബിൽ ആംആദ്‌മിക്ക് 40 ശതമാനം വോട്ട് ലഭിക്കും. പഞ്ചാബിൽ ഭരണത്തിലിരിക്കുന്ന കോൺഗ്രസ് 26 ശതമാനം സീറ്റിലേക്ക് ചുരുങ്ങുമെന്നും സർവെ സൂചിപ്പിക്കുന്നു. ബിജെപി ഏഴ് ശതമാനം സീറ്റും ബിജെപിയുടെ മുൻ സഖ്യകക്ഷിയായ അകാലിദൾ 20 സീറ്റുകൾ നേടുമെന്നും സർവെ ഫലം സൂചിപ്പിക്കുന്നു.
ഗോവയിൽ ബിജെപിക്ക് 32 ശതമാനം സീറ്റും കോൺഗ്രസ് 29 ശതമാനം സീറ്റും നേടുമെന്നാണ് സർവെ പറയുന്നത്. തൃണമൂൽ കോൺഗ്രസ് 29 ശതമാനവും ആംആദ്‌മി ഏഴ് ശതമാനം സീറ്റ് നേടുമെന്നാണ് സർവെ പറയുന്നത്. ഉത്തരാഖണ്ഡിലും കോൺഗ്രസ് പരാജയപ്പെടും. 43 ശതമാനം വോട്ടോടെ ഉത്തരാഖണ്ഡിൽ ബിജെപി വലിയ കക്ഷിയാകുമെന്നും കോൺഗ്രസിന് 38 ശതമാനം വോട്ട് ഷെയർ മാത്രമേ കിട്ടൂയെന്നും ലോക്‌നീതി സിഎസ്‌ഡിഎസ് സർവെ പ്രവചിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിലും ബിജെപിക്ക് മേൽക്കൈ പ്രവചിച്ചിരുന്നു. ഉത്തർപ്രദേശിൽ ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളുടെയും പ്രവചനം. 211 മുതൽ 217 വരെ സീറ്റുകൾ ബിജെപി നേടുമെന്നും എസ്.പിക്ക് 116 മുതൽ 165 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.

പഞ്ചാബിൽ 60 മുതൽ 100 സീറ്റുകൾ വരെ നേടിക്കൊണ്ട് ആംആദ്‌മി ഭരണം പിടിക്കുമെന്നും കോൺഗ്രസിന് വൻ തകർച്ച സംഭവിക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. 31 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങുമെന്നാണ് സർവെ ഫലങ്ങൾ പറയുന്നത്.

മണിപ്പൂരിൽ ബിജെപി ഭരണം തുടരുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. 60 അംഗ നിയമസഭയിൽ ബിജെപി 23 മുതൽ 38 വരെ സീറ്റുകൾ നേടും കോൺഗ്രസ് 10 മുതൽ 17 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.
ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുമ്പോഴും കോൺഗ്രസ് കടുത്ത മത്സരമാണ് നടത്തിയതെന്നും പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ബിജെപിക്ക് 26 മുതൽ 46 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 20 മുതൽ 40 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. രണ്ട് എക്‌സിറ്റ് പോളുകൾ മാത്രമാണ് ഉത്തരാഖണ്ഡിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്.

ബിജെപി, കോൺഗ്രസ് എന്നീ കക്ഷികൾക്കൊപ്പം തൃണമൂൽ കോൺഗ്രസും ഗോവയിൽ ശക്തിപോരാട്ടം കാഴ്‌ചവച്ചിരുന്നു. ഗോവയിൽ നടന്നത് പ്രവചിക്കാൻ കഴിയാത്ത മത്സരമായിരുന്നുവെന്നും കോൺഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്‌ചവെച്ചതെന്നും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. 40 അംഗ നിയമസഭയിൽ ബിജെപിക്ക് 13 മുതൽ 22 വരെ സീറ്റുകളും കോൺഗ്രസിന് 11 മുതൽ 19 വരെ സീറ്റുകളും കിട്ടുമെന്നാണ് പ്രവചനം.
തിരഞ്ഞെടുപ്പ് ഫലം നാളെ; പഞ്ചാബിൽ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാർത്ഥികൾ












Click it and Unblock the Notifications