'ഭഗവാൻ രാമനെയും ബിജെപി ഉടൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും..'; വിമർശനവുമായി സഞ്ജയ് റാവത്ത്
മുംബൈ: രാമക്ഷേത്ര പ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട വിവാദത്തിൽ ശക്തമായ വിമർശനവുമായി ശിവസേന യുബിടി വിഭാഗം. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ് ബിജെപിയെന്ന് പാർട്ടി നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭഗവാൻ രാമനെയും ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നും റാവത്ത് പറയുന്നു.
"ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥി ശ്രീരാമനായിരിക്കുമെന്നും വൈകാതെ ബിജെപി പ്രഖ്യാപിക്കും." രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ശിവസേനായുടെ മുതിർന്ന നേതാവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ശ്രീരാമന്റെ പേരിൽ ഒരുപാട് രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപിയുടെ ചടങ്ങ് മാത്രം ആണെന്നും ദേശീയ പരിപാടിയല്ലെന്നും കഴിഞ്ഞ ദിവസം റാവത്ത് പറഞ്ഞിരുന്നു. രാമനെ തട്ടിയെടുത്തത് ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ അന്ന് നടക്കുന്ന വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സഞ്ജയ് റാവത്ത്.
"ഉദ്ധവ് താക്കറെ തീർച്ചയായും പോകും, പക്ഷേ ബിജെപിയുടെ പരിപാടി കഴിഞ്ഞതിന് ശേഷമേ പോകൂ. എന്തിന് ബിജെപിയുടെ പരിപാടിക്ക് പോകണം? ഇതൊരു ദേശീയ പരിപാടിയല്ല. ബിജെപി ഈ ചടങ്ങിനായി റാലികൾ നടത്തുകയും ധാരാളം പ്രചാരണം നടത്തുകയും ചെയ്യുന്നു, എന്നാൽ ഇതിൽ എവിടെയാണ് നല്ല ഉദ്ദേശം" റാവത്ത് ചോദിക്കുന്നു.
ഭാരതീയ ജനതാ പാർട്ടി ഒരു പ്രചാരണം നടത്താൻ തീരുമാനിക്കുമ്പോൾ, അവർ അവരുടെ മുഴുവൻ മെഷിനറികളെയും, പാർട്ടി പ്രവർത്തകരെയും ഇതിനായി വിന്യസിക്കുമെന്നും, ഒരു വീഴ്‌ചയ്ക്കുള്ള സാധ്യതയും അവശേഷിപ്പിക്കില്ലെന്നും, രാജ്യവ്യാപകമായി ഭരണകക്ഷി ഇതേ രീതിയാണ് പിന്തുടരുന്നതെന്നും റാവത്ത് അവകാശപ്പെട്ടു.
തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, മണിപ്പൂരിലെ സംഘർഷം എന്നിവയെ കുറിച്ച് രാജ്യം ഓർക്കരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാജ്യസഭാ എംപി കൂടിയായ റാവത്ത് ആരോപിച്ചു. ആയിരക്കണക്കിന് ശിവസേന പ്രവർത്തകർ രാമക്ഷേത്രത്തിനായി രക്തം നൽകിയെന്നും, ബാൽ താക്കറെ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും റാവത്ത് പറയുന്നു.












Click it and Unblock the Notifications