ബിജെപിക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് അപ്രതീക്ഷിത ജയം... തിളക്കത്തിനിടയിലും വാടി താമര
ന്യൂഡല്‍ഹി: ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. അധികം വൈകാതെ ഓപ്പറേഷന്‍ താമരയിലൂടെ കമല്‍നാഥ് സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കുകയും ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.
വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് മധ്യപ്രദേശ് ഒരുങ്ങുകയാണ്. അതിനിടെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞാഴ്ച നടന്നത്. ഇതില്‍ ബിജെപി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും ചില അപ്രതീക്ഷിത തിരിച്ചടികള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായി. ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിലും കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയത് ബിജെപിയെ അമ്പരപ്പിച്ചിട്ടുണ്ട്....

11 മേയര്‍ പോസ്റ്റുകളില്‍ ഏഴെണ്ണം ബിജെപി സ്വന്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ അപ്രമാദിത്വം നിലനില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ബിജെപി നേതൃത്വത്തിന് ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ ബിജെപിക്ക് സുപ്രധാനമായ ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നു. അതാകട്ടെ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ബിജെപിക്ക് മൂന്ന് മേയര്‍ പദവികള്‍ ഇത്തവണ നഷ്ടമായി. രണ്ടെണ്ണം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഒന്ന് ആം ആദ്മി പാര്‍ട്ടിയും. എഎപിയുടെ വിജയം കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടിയാണ്. കാരണം ആദ്യമായിട്ടാണ് മധ്യപ്രദേശില്‍ എഎപി മല്‍സരിക്കുന്നത്. കന്നി മല്‍സരത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയം നേടിയ എഎപിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവേശം പകരും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായിരുന്നു. പോരില്‍ ഒരു ഭാഗത്തുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ അടര്‍ത്തിയെടുത്താണ് ബിജെപി കളിച്ചത്. സിന്ധ്യയെ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിയാക്കുകയും ചെയ്തു ബിജെപി. ഇന്ന് അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രിയാണ്. എന്നാല്‍ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍ മേയര്‍ പദവി ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.

സിന്ധ്യയുടെ കളംമാറ്റത്തോടെ ഗ്വാളിയോര്‍ ബിജെപിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശമായി മാറിയിട്ടുണ്ടെങ്കിലും ഇവിടെ കോണ്‍ഗ്രസാണ് ഇത്തവണ ജയിച്ചത്. ബിജെപിയുടെ മറ്റൊരു ശക്തി കേന്ദ്രമായ ജബല്‍പൂരിലും ഇത്തവണ മേയര്‍ പദവി ലഭിച്ചത് കോണ്‍ഗ്രസിനാണ്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ തട്ടകമാണ് ജബല്‍പൂര്‍. ഇവിടെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.
നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

ഗ്വാളിയോറില്‍ കോണ്‍ഗ്രസ് പ്രതിനിധി മേയറാകുന്നത് 57 വര്‍ഷത്തിനിടെ ആദ്യമാണ്. ജബല്‍പൂരില്‍ 23 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് മേയര്‍ പദവി കിട്ടുന്നത്. 45000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന്റെ ജഗദ് ബഹാദൂര്‍ സിങ് ഇത്തവണ ജബല്‍പൂരില്‍ പരാജയപ്പെടുത്തിയത്. ഇതിന് പുറമെ ഛിന്‍ദ്വാരയിലും മേയര്‍ പദവി കോണ്‍ഗ്രസിന് ലഭിച്ചു. ഇത് കമല്‍നാഥിന് സ്വാധീനമുള്ള പ്രദേശമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 11 മേയര്‍ പദവികളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഏഴെണ്ണം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നെണ്ണം സ്വന്തമാക്കി. ഒരു മേയര്‍ പദവി എഎപിക്കാണ് ലഭിച്ചത്. സിന്‍ഗ്രോളിയിലാണ് എഎപി ജയിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് എഎപി മല്‍സരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ തന്നെ മേയര്‍ പദവി നേടിയത് എഎപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

16 മുന്‍സിപ്പല്‍ കോര്‍പറേഷനുകളാണ് മധ്യപ്രദേശിലുള്ളത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ബിജെപി നേടിയിരുന്നു. എന്നാല്‍ ഇത്തവണ 11ല്‍ ഏഴെണ്ണമാണ് ലഭിച്ചത്. ഇനി അഞ്ച് കോര്‍പറേഷനുകളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കവെ, എഎപിയുടെ രംഗപ്രവേശം ബിജെപിക്കാണോ കോണ്‍ഗ്രസിനാണോ തിരിച്ചടി നല്‍കുക എന്നറിയാന്‍ കാത്തിരിക്കണം.












Click it and Unblock the Notifications