ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂള്‍ ആക്രമിച്ചെന്ന് റിപ്പോര്‍ട്ട്; മതപരിവര്‍ത്തനമെന്ന് ആരോപണം, കേസ്
ഭോപ്പാല്‍: ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിന് നേരെ ആക്രമണം. ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സ്‌കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്നും എട്ട് വിദ്യാര്‍ഥികളെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. സ്‌കൂളിന്റെ ഫര്‍ണിച്ചറുകള്‍ അക്രമികള്‍ തകര്‍ത്തു. പോലീസ് എത്തി വിരട്ടിയോടിക്കുകയായിരുന്നു. നൂറോളം പേരാണ് സ്‌കൂളിന് മുമ്പില്‍ തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മതപരിവര്‍ത്തനം സംബന്ധിച്ച സന്ദേശമാണ് അക്രമത്തിലേക്ക് നയിച്ചത്.

ഗഞ്ച് ബസോദയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. വിദിഷ നഗരത്തില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് സ്‌കൂള്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. കലാപം സൃഷ്ടിച്ചു എന്നതുള്‍പ്പെടെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് ഓഫീസര്‍ ഭരത് ഭൂഷണ്‍ ശര്‍മ പറഞ്ഞു. സ്‌കൂള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ എന്ന് ശര്‍മ പറഞ്ഞു. സ്‌കൂളിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി.
ഈ കുഞ്ഞു സുന്ദരി പ്രമുഖ നടിയുടെ മകളാണ്; പക്ഷേ ക്യാമറ ഇഷ്ടമേയല്ല...
സ്‌കൂളില്‍ ഗണിതശാസ്ത്ര പരീക്ഷ നടക്കുകയായിരുന്നു. അക്രമികള്‍ എത്തിയതോടെ കുട്ടികള്‍ പരിഭ്രാന്തിയിലായി. ഞങ്ങള്‍ അക്രമികളില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം കല്ലേറ് നടത്തുകയാണ് അക്രമികള്‍ ചെയ്തത്. പിന്നീട് അവര്‍ സ്‌കൂളിലേക്ക് ഇരച്ചുകയറുകയായിരുന്നു. സ്‌കൂളിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നുലെന്ന് മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. അപ്പോള്‍ തന്നെ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചിരുന്നു. എന്നാല്‍ മതിയായ സുരക്ഷ പോലീസ് നല്‍കിയില്ല. അക്രമികള്‍ എത്തിയ ശേഷം വീണ്ടും അറിയിച്ചപ്പോഴാണ് പോലീസ് വന്നതെന്ന് മാനേജര്‍ പറയുന്നു.
10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്. മതപരിവര്‍ത്തനം നടത്തിയ എന്ന ആരോണം തെറ്റാണ്. അവര്‍ പറയുന്ന ഒരു കുട്ടിയുടെ പേരും സ്‌കൂളിലെ വിദ്യാര്‍ഥികളുമായി യോജിക്കുന്നില്ലെന്നും സ്‌കൂള്‍ മാനേജര്‍ ആന്റണി പറഞ്ഞു. മതപരിവര്‍ത്തനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബജ്‌റംഗ്ദള്‍ നേതാവ് നിലേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ സ്‌കൂള്‍ പൊളിച്ചുകളയണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മതംമാറ്റ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങളെ ചോദ്യം ചെയ്യുമെന്ന് സബ്ഡിവിഷല്‍ മജിസ്‌ട്രേര്‌റ് റോഷന്‍ റായ് പറഞ്ഞു. സ്‌കൂളിനെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് വിദിഷ കളക്ടര്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.












Click it and Unblock the Notifications