ഇന്റര്‍പോള്‍ റെഡ് നോട്ടീസ്: മഹാദേവ് ആപ്പ് ഉടമ രവി ഉപ്പല്‍ ദുബായില്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ഉടമകളില്‍ ഒരാളായ രവി ഉപ്പലിനെ കസ്റ്റഡിയിലെടുത്ത് ദുബായ് പോലീസ്. ദുബായില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലാവുന്നത്. ഇഡിയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ ഉപ്പലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് കസ്റ്റഡിയില്‍ എടുക്കുന്നതിന് കാരണമായിരിക്കുന്നത്.
അതേസമയം ഇഡി അധികൃതര്‍ ഉപ്പലിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ദുബായ് പോലീസുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് പോലീസിനും, മുംബൈ പോലീസിനും പുറമേ അനിധൃത വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസിലുമാണ് ഉപ്പലിനെതിരെ അന്വേഷണം നടക്കുന്നത്.

43കാരനായ രവി ഉപ്പലിനെ കഴിഞ്ഞയാഴ്ച്ച തന്നെ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് സൂചന. ഉപ്പലിനും, മഹാദേവ് ആപ്പിനുമെതിരെ നേരത്തെ ഇഡി കുറ്റപത്രം തയ്യാറാക്കിയിരുന്നു. മറ്റൊരു ഉടമ സൗരഭ് ചന്ദ്രാകറും കേസ് നേരിടുന്നുണ്ട്. കള്ളപണം തടയല്‍ നിയമപ്രകാരം ഛത്തീസ്ഗഡ് കോടതിയില്‍ ഇഡി നേരത്തെ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിന് ശേഷം ഇഡി അഭ്യര്‍ഥനകളെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. പസഫിക് ഓഷ്യന്‍ രാഷ്ട്രമായ വനോതുവിലേക്കുള്ള പാസ്‌പോര്‍ട്ട് ഉപ്പല്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ദുബായ് വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം യുഎഇയിലെ ഒരു ഓഫീസ് കേന്ദ്രമാക്കിയാണ് മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്.
അതേസമയം ഛത്തീസ്ഗഡിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ചന്ദ്രഭൂഷണ്‍ വര്‍മയുടെ സഹായത്തോടെ കള്ളപണം ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഉപ്പല്‍ എത്തിച്ച് നല്‍കിയതായി ഇഡി പറയുന്നു. ആറായിരം കോടിയുടെ കേസാണിതെന്നാണ് ഇഡി അവകാശപ്പെടുന്നത്. ദുബായിലെ തുടക്കം വിജയിച്ചതോടെ അതിന്റെ ലാഭവിഹിതം പങ്കിട്ടാണ് മഹാദേവ് ആപ്പ് ഇന്ത്യയിലും ഫ്രാഞ്ചൈസികള്‍ ആരംഭിച്ചത്.
പാനലുകള്‍ എന്നണ് ഈ ഫ്രാഞ്ചൈസികള്‍ അറിയപ്പെട്ടിരുന്നു. ദിവസ വരുമാനമായി ഇരുന്നൂറ് കോടി ഇവരെ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ 70 ശതമാനവും മഹാദേവ് അപ്പായിരുന്നു സ്വന്തമാക്കിയത്. നേരത്തെ ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ഇതില്‍ പങ്കുള്ളതായി ഇഡി പറഞ്ഞിരുന്നു. മഹാദേവ് ആപ്പ് ഉടമകള്‍ 508 കോടി ബാഗലിന് നല്‍കിയെന്നായിരുന്നു ആരോപണം.
നിലവില്‍ ഈ ആരോപണം അന്വേഷണത്തിന്റെ ഭാഗമാണ്. അസിം ദാസ് എന്നയാളാണ് ഇഡിയോട് ഇക്കാര്യം പറഞ്ഞത്. പിന്നീട് റായ്പൂരിലെ പ്രത്യേക കോടതിയില്‍, താന്‍ ഈ കേസില്‍ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് കുടുങ്ങിയതെന്നും, രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും ദാസ് പറഞ്ഞു. ബെറ്റിംഗ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി കോടികള്‍ ഇന്ത്യയിലേക്ക് മഹാദേവ് ആപ്പ് ഉടമകള്‍ ഒഴുക്കിയിരുന്നതായും ഇഡി പറഞ്ഞു.












Click it and Unblock the Notifications