ബാരാമതിയില്‍ പോരാട്ടം കടുക്കും; അജിത്തിനെതിരെ യുഗേന്ദ്ര പവാര്‍ എത്തും? ചിഹ്നം അജിത്ത് പക്ഷത്തിനൊപ്പം
മുംബൈ: മഹാരാഷ്ട്രയില്‍ ഒരിക്കല്‍ കൂടി പവാര്‍ കുടുംബം തമ്മില്‍ തിരഞ്ഞെടുപ്പ് പോരാട്ടം. പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയില്‍ അജിത് പവാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. എന്‍സിപി അജിത് പവാര്‍ വിഭാഗം ബുധനാഴ്ച്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അജിത് പവാറിന്റെ പേരുമുണ്ടായിരുന്നു.
ബാരാമതിയില്‍ നിന്ന് മത്സരിക്കുന്ന കാരം അദ്ദേഹം സ്ഥിരീകരിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ മത്സരം തന്നെ നടന്നിരുന്നു. എന്നാല്‍ ജയം ശരത് പവാര്‍ പക്ഷത്തിനൊപ്പമായിരുന്നു. അജിത് പക്ഷേ തകര്‍ന്നടിയുകയും ചെയ്തു. അജിത് പവാറിന്റെ ഭാര്യ സുനേത്രയായിരുന്നു ബാരാമതിയില്‍ മത്സരിച്ചിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുപ്രിയ സുലെയാണ് ബാരാമതിയില്‍ ശരത് പവാര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ അനന്തരവനായ യുഗേന്ദ്ര പവാറിനെ ബാരാമതിയില്‍ മത്സരിക്കാനാണ് എന്‍സിപി ശരത് പവാര്‍ പക്ഷം തീരുമാനിച്ചിരിക്കുന്നത്. വൈകാതെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും.
പവാര്‍ കുടുംബത്തിന്റെ കോട്ടയില്‍ ആര്‍ക്കാണ് ആധിപത്യമെന്ന് ഉറപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ സാധിക്കും. അതേസമയം തിങ്കളാഴ്ച്ച അജിത് പവാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കാരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.
സുനേത്രയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് തന്റെ പിഴവാണെന്ന് അജിത് പവാര്‍ പറഞ്ഞിരുന്നു. സുനേത്രയെ 1.58 ലക്ഷം വോട്ടുകള്‍ക്കാണ് സുപ്രിയ സുലെ പരാജയപ്പെടുത്തിയത്. സുനേത്ര മത്സരിക്കാനെത്തിയത് പവാര്‍ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.
അതേസമയം പവാര്‍ കുടുംബത്തിനെതിരെ നിലപാടും നേരത്തെ അജിത് പവാര്‍ മയപ്പെടുത്തിയിരുന്നു. യുഗേന്ദ്രയെ മത്സരിപ്പിക്കാനാണ് ശരത് പവാറിനും താല്‍പര്യം. സുപ്രിയ സുലെയുടെ വമ്പന്‍ ജയത്തിന്റെ ക്രെഡിറ്റും യുഗേന്ദ്രയ്ക്കായിരുന്നു. മികച്ച പ്രചാരണത്തിന് മുന്നില്‍ നിന്നത് അദ്ദേഹമായിരുന്നു. അജിത് പവാറിന്റെ സഹോദരന്‍ ശ്രീനിവാസിന്റെ മകനാണ് യുഗേന്ദ്ര. ശരത് പവാറുമായി വളരെ അടുപ്പമുള്ള നേതാവാണ് അദ്ദേഹം.
അതേസമയം ബാരാമതിയില്‍ പക്ഷേ നേരിട്ടെത്തി അജിത്തിന് പ്രചാരണം നടത്താന്‍ സാധിക്കില്ല. മറ്റ് മണ്ഡലങ്ങളില്‍ അദ്ദേഹത്തിന് പോകേണ്ടി വരും. ഭാര്യ സുനേത്രയും മകന്‍ ജയ് പവാറുമാണ് അജിത്തിന്റെ പ്രചാരണത്തെ നയിക്കുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം റോഡ് ഷോയും റാലിയും അദ്ദേഹം നടത്തും.
മത്സരത്തിന് മുമ്പ് അജിത് പവാര്‍ പക്ഷത്തിന് വലിയ വിജയവും ശരത് പവാറിനെതിരെ നേടാനായിട്ടുണ്ട്. ക്ലോക്ക് ചിഹ്നമായി എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. എന്നാല്‍ ഇക്കാര്യം ജനങ്ങളെ പരസ്യങ്ങളിലൂടെ ബോധ്യപ്പെടുത്തണമെന്നും, കോടതി ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications