മഹാരാഷ്ട്ര സെക്രട്ടേറിയേറ്റില്‍ നിന്ന് താഴേക്ക് ചാടി ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിഷേധം; സംഭവം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയേറ്റില്‍ രാഷ്ട്രീയ നേതൃത്വത്തെ അമ്പരപ്പിച്ച് അപ്രതീക്ഷിത പ്രതിഷേധം. സെക്രട്ടേറിയേറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയിരിക്കുകയാണ് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാള്‍. താഴെ സ്ഥാപിച്ചിരിക്കുന്ന സേഫ്റ്റി നെറ്റിലാണ് അദ്ദേഹം വീണത്. ആദിവാസി വിഭാഗത്തില്‍ വരുന്ന എംഎല്‍എമാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റില്‍ നിന്ന് താഴേക്ക് ചാടിയത്.
പെസ നിയമപ്രകാരം പട്ടികവര്‍ഗ പരീക്ഷാര്‍ത്ഥികളുടെ നിയമനം നിര്‍ത്തലാക്കിയതിനെതിരെയുള്ള പ്രതിഷേധമാണ് ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയത്. മുതിര്‍ന്ന ആദിവാസി എംഎല്‍എമാരില്‍ ഒരാളാണ് എന്‍സിപിയുടെ നര്‍ഹാരി സിര്‍വാള്‍.

സെക്രട്ടേറിയേറ്റിലെ ആത്മഹത്യകള്‍ തടയാനായി താഴെ സ്ഥാപിച്ച സുരക്ഷാ നെറ്റിലേക്ക് ഇവര്‍ വീണത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സിര്‍വാള്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ പ്രമുഖ നേതാവാണ്. അദ്ദേഹത്തിനൊപ്പം മറ്റ് മൂന്ന് എംഎല്‍എമാരും സെക്രട്ടേറിയേറ്റില്‍ നിന്ന് താഴേക്ക് ചാടിയത്. അതേസമയം ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പട്ടിക വിഭാഗത്തിലേക്ക് ധങ്കര്‍ വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു. പ്രതിഷേധം അതിന്റെയും ഭാഗമായിട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ എസ്ടി വിഭാഗത്തില്‍ ധങ്കര്‍ സമുദായത്തെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
അതേസമയം സിര്‍വാളിനെയും മറ്റ് എംഎല്‍എമാരെയും പോലീസാണ് ഇവിടെ നിന്നും മാറ്റിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇവരെ കൂടിക്കാഴ്ച്ചയ്ക്കായി ക്ഷണിക്കും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിര്‍വാളിനൊപ്പം ബിജെപി എംപി ഹേമന്ദ് സാവ്‌റ, എംഎല്‍എമാരായ കിരണ്‍ ലഹാമാട്ടെ, ഹീരാമണ്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് സെക്രട്ടേറിയേറ്റില്‍ നിന്ന് താഴേക്ക് ചാടിയത്.
പോലീസ് ഇവരെ മാറ്റിയെങ്കിലും സെക്രട്ടേറിയേറ്റ് പരിസരത്ത് ഇവര്‍ കുത്തിയിരിപ്പ് സമരം നടത്തി. പെസ നിയമപ്രകാരം ആദിവാസികളെ സര്‍ക്കാര്‍ ജോലികളില്‍ നിയമിക്കണമെന്ന് ആദിവാസി എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ട്.
2023 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തെ 17 വ്യത്യസ്ത കാറ്റഗറികളിലേക്ക് പെസ നിയമപ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് എംഎല്‍എമാര്‍ പറയുന്നു. ഇക്കാലയളവില്‍ അധ്യാപക, വനംവകുപ്പ് ഗാര്‍ഡുകള്‍, തുടങ്ങി നിരവധി പോസ്റ്റുകളില്‍ നിയമനം നടത്തിയിരുന്നു.
റവന്യൂ-ആരോഗ്യ വകുപ്പുകള്‍ നിയമനം നടത്തിയതില്‍ വരും. ആദിവാസി ഇതര വിഭാഗങ്ങള്‍ക്ക് നിയമന കത്ത് വരെ ലഭിച്ച് കഴിഞ്ഞു. എന്നാല്‍ പെസ നിയമപ്രകാരം സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ ഇതുവരെ ആദിവാസി ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
നേരത്തെ സെക്രട്ടേറിയേറ്റ് കോംപ്ലക്‌സില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ദേവേന്ദ്ര ഫട്‌നാവിസും ക്യാബിനറ്റ് യോഗം ചേര്‍ന്നപ്പോള്‍ ചില എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും, അതുകൊണ്ടാണ് കടുത്ത നിലപാട് സ്വീകരിച്ച് കൊണ്ട് എംഎല്‍എമാര്‍ താഴേക്ക് ചാടിയതെന്നും സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ നേരത്തെ കണ്ടിരുന്നെങ്കിലും പ്രതീക്ഷിച്ച മറുപടിയല്ല ലഭിച്ചത്. സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ധര്‍ണയിരിക്കാനാണ് ആദിവാസി എംഎല്‍എമാരുടെ തീരുമാനം.












Click it and Unblock the Notifications