ഫട്‌നാവിസ് ജയിച്ചു കയറുമോ? നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ കാറ്റ് മാറിവീശിയേക്കും; കോണ്‍ഗ്രസ് അതിശക്തം
നാഗ്പൂര്‍: മഹായുതി സഖ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന് വലിയ പങ്കുണ്ട്. ശിവസേന, എന്‍സിപി എന്നിവരെ പിളര്‍ത്തി എന്‍ഡിഎയിലേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ ഫട്‌നാവിസിന് മുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെയ്ക്ക് നല്‍കേണ്ടി വന്നിരുന്നു.
ബിജെപിയില്‍ ഇത്രയെല്ലാം സ്വാധീനമുണ്ടായിട്ടും മുന്‍ മുഖ്യമന്ത്രിയുടെ ജനപ്രീതി ഇടിയുന്നുവെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിജെപിയുടെ കരുത്തുറ്റ കോട്ടയായ നാഗ്പൂര്‍ സൗത്ത്-വെസ്റ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ കാഴ്ച്ചവെക്കുന്നത്.

കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ പ്രഫുല്ല ഗുദാഡെ പാട്ടീലിനെയാണ് ഫട്‌നാവിസിനെതിരെ നിര്‍ത്തിയിരിക്കുന്നത്. ഫട്‌നാവിസ് വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജയിച്ചാലും ഭൂരിപക്ഷം കുറയാനാണ് സാധ്യത. 2014ല്‍ ഫട്‌നാവിസ് പാടീലിനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്.
മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. നാഗ്പൂര്‍ മണ്ഡലത്തില്‍ നേരത്തെ പ്രളയമുണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്നായിരുന്നു ഇത്. മഴക്കെടുതികള്‍ കൈകാര്യം ചെയ്ത വിധത്തില്‍ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. വിലക്കയറ്റം മണ്ഡലത്തിലെ മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഇത് രണ്ടും ഏറ്റവും ബാധിക്കുക ഭരണകക്ഷിയെയാണ്. ഫട്‌നാവിസ് ആണെങ്കില്‍ ഉപമുഖ്യമന്ത്രിയുമാണ്.
ബിജെപി പ്രതിപക്ഷത്തിന്റെ പ്രചാരണത്തെ ലഡ്ക്കി ബാഹിന്‍ യോജനയിലൂടെ മറികടക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായുള്ള പദ്ധതിയാണിത്. മുമ്പ് മധ്യപ്രദേശില്‍ അടക്കം ഇതേ മോഡലിലുള്ള പദ്ധതികള്‍ ബിജെപി കൊണ്ടുവന്നപ്പോള്‍ വന്‍ വിജയം നേടിയിരുന്നു. മഹാരാഷ്ട്രയില്‍ സമാന വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനാല്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും തിരിച്ചുവരവ് ആവശ്യമാണ്. ക്ഷേമ പദ്ധതികളെ ഉയര്‍ത്തികാണിച്ച് ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്ന വിലയിരുത്തലിലാണ് എന്‍ഡിഎ.
മള്‍ട്ടി മോഡല്‍ ഇന്റര്‍നാഷണല്‍ കാര്‍ഗോ ഹബ്ബും, നാഗ്പൂര്‍ വിമാനത്താവളവും, നാഗ്പൂരിലെ എയിംസും, ഐഐഎമ്മും എല്ലാം ഫട്‌നാവിസിന്റെ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മണ്ഡലത്തില്‍ ആറാം തവണയാണ് അദ്ദേഹം ജനവിധി തേടിയിറങ്ങുന്നത്. വികസനം ഉയര്‍ത്തി കാണിച്ചാല്‍ ഫട്‌നാവിസിന് ജയിക്കാനുള്ള സാധ്യത മണ്ഡലത്തിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. അടിസ്ഥാന പ്രശ്‌നങ്ങളെ ഫട്‌നാവിസ് എങ്ങനെ പരിഹസിക്കുന്നുവെന്നതും ജയത്തില്‍ പ്രധാനപ്പെട്ടതാകും.
പാട്ടീല്‍ മുന്‍ കോര്‍പ്പറേറ്ററാണ്. ഭരണവിരുദ്ധവികാരമാണ് അദ്ദേഹത്തിന് മണ്ഡലത്തില്‍ കൂടുതല്‍ സാധ്യത നല്‍കുന്നത്. മണ്ഡലത്തില്‍ നിശബ്ദമായ പ്രചാരണമാണ് പാട്ടീല്‍ നടത്തുന്നത്. ദളിത്-കുന്‍ബി-തേലി, മാലി വോട്ടര്‍മാര്‍ നിര്‍ണായകമാകും. കുന്‍ബി വിഭാഗക്കാരാണ് പാട്ടീല്‍. മണ്ഡലത്തില്‍ സ്ഥിരമായി വരാത്തതും ഫട്‌നാവിസ് നേരിടുന്ന വെല്ലുവിളിയാണ്.












Click it and Unblock the Notifications