പ്രമുഖ നടന്‍ സയാജി ഷിന്‍ഡെ എന്‍സിപിയില്‍; അജിത് പക്ഷത്തിന് തിരഞ്ഞെടുപ്പിന് മുമ്പ് നേട്ടം
മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍സിപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ നേട്ടം. പ്രമുഖ നടന്‍ സയ്യാജി ഷിന്‍ഡെ എന്‍സിപിയില്‍ ചേര്‍ന്നു. തെലുങ്ക്-തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ഷിന്‍ഡെ. ഹിന്ദി, മറാത്തി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ദിലീപിന്റെ വില്ലനായി നാടോടി മന്നന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഷിന്‍ഡെയുടെ വരവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം എന്‍സിപിയില്‍ ചേര്‍ന്നിരിക്കുന്നത്. താനൊരിക്കലും രാഷ്ട്രീയത്തില്‍ ചേരുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് സയാജി ഷിന്‍ഡെ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് സയാജി ഷിന്‍ഡെ പവാന്‍ കല്യാണിനെ സന്ദര്‍ശിച്ചതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന് കരുതിയതാണ് ഞാന്‍. എന്നാല്‍ അജിത് പവാറിന്റെയും എന്‍സിപിയുടെയും രാഷ്ട്രീയം ഇഷ്ടപ്പെട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് ഷിന്‍ഡെ പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലഡ്കി-ബഹിന്‍ പദ്ധതിയെ ഷിന്‍ഡെ പ്രശംസിച്ചിരുന്നു.
ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പലരെയും അമ്പരപ്പിച്ചിട്ടുണ്ടാവും. സെക്രട്ടേറിയേറ്റില്‍ ഞാന്‍ 25 തവണ പോയിട്ടുണ്ടെങ്കില്‍ അതില്‍ 15 തവണയും അജിത് പവാറിന്റെ കണ്ടിട്ടുണ്ടാവും. അദ്ദേഹത്തെയും പാര്‍ട്ടിയെയും തനിക്കിഷ്ടമാണെന്നും സയാജി ഷിന്‍ഡെ വ്യക്തമാക്കി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കാരെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷിന്‍ഡെ എന്‍സിപിയില്‍ ചേര്‍ന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ താരപ്രചാരകനായിരിക്കും സയാജി ഷിന്‍ഡെയെന്ന് അജിത് പവാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ഷിന്‍ഡെയ്ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനവല്‍ക്കരണത്തിന് വേണ്ടി അജിത് പവാറുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അത് കൃത്യമായി നടപ്പിലാക്കാന്‍ താനും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകേണ്ടതുണ്ടെന്നും സയാജി ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് ഷിന്‍ഡെ ജനിച്ചത്. മറാത്തി നാടക വേദികളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1999ല്‍ പുറത്തിറങ്ങിയ ശൂല്‍ എന്ന ചിത്രത്തില്‍ വില്ലനായിരുന്നു ഷിന്‍ഡെ. അതിന് ശേഷം താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
നിരവധി മറാത്തി, ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചു. തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് ഷിന്‍ഡെ കൂടുതല്‍ പ്രശസ്തനായത്. കന്നഡ, ഇംഗ്ലീഷ്, മലയാളം ഗുജറാത്തി, ഭോജ്പൂരി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഷിന്‍ഡെയെ പോലൊരു താര എന്‍സിപിയില്‍ എത്തുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് എന്‍സിപി നേതാവ് ഛഗന്‍ ഭുജ്പല്‍ പറഞ്ഞു.












Click it and Unblock the Notifications