മോദിയുടെ മുംബൈ റാലിയിൽ നിന്ന് വിട്ടുനിന്ന് അജിത് പവാർ; മഹായുതിയിൽ ഭിന്നതയുടെ സൂചനയോ?
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലെ ഭരണകക്ഷി സഖ്യമായ മഹായുതിയിൽ ഭിന്നതയെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. സഖ്യത്തിലെ പ്രധാന കക്ഷികളിൽ ഒന്നായ അജിത് പവാറിന്റെ എൻസിപിയുടെ ഉന്നത നേതാക്കൾ നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ് റാലിയിൽ നിന്ന് വിട്ട് നിന്നതോടെയാണ് ഭിന്നതയെ കുറിച്ചുള്ള വാർത്തകൾ പുറംലോകം അറിഞ്ഞത്.
ഇന്നലെ മുംബൈയിൽ നടന്ന റാലിയിൽ അജിത് പവാറിന് പുറമേ അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ആരും തന്നെ പങ്കെടുത്തില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മുംബൈയിലെ ഛത്രപതി ശിവജി പാർക്കിൽ വച്ചാണ് തിരഞ്ഞെടുപ്പ് റാലി നടന്നത്. മഹായുതി സഖ്യത്തിൽ ഷിൻഡെയുടെ ശിവസേനയ്ക്കും ബിജെപിക്കും ഒപ്പം നിർണായക കക്ഷിയാണ് അജിത് പവാറിന്റെ എൻസിപി.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെയും നേതാക്കളുടെയും വിട്ടുനിൽക്കൽ കാര്യമായ അഭ്യൂഹങ്ങൾക്കാണ് ഇട നൽകിയിരിക്കുന്നത്. എൻസിപി സ്ഥാനാർത്ഥികളായ സന മാലിക്, നവാബ് മാലിക്, സീഷൻ സിദ്ദിഖ് എന്നിവർ അജിത് പവാറിന്റെ പാത പിന്തുടർന്ന് തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെയാണ് ഭിന്നതയെന്ന സൂചനകൾ പുറത്തുവരുന്നത്.
എൻസിപി നേതാക്കളുടെ അഭാവം പരിപാടിയിൽ പ്രകടമായിരുന്നു. ഷിൻഡെയുടെ ശിവസേന വിഭാഗത്തിൽ നിന്നുള്ള നേതാക്കളും രാംദാസ് അത്തവാലയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. മഹായുതി സഖ്യത്തിന്റെ ഐക്യം തകർക്കുന്ന നടപടിയാണ് എൻസിപി നേതാക്കളിൽ നിന്നുണ്ടായതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
സംസ്ഥാനത്ത് ബിജെപിയുടെ പല നിലപാടുകളിലും എൻസിപി അജിത് പവാർ വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് ചില അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. കൂടാതെ നവാബ് മാലിക്കിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി താൽപര്യം കാട്ടാത്തതും ഭിന്നതയ്ക്ക് ഇടയാക്കുന്ന ഘടകമാണ്. ഇതോടെയാണ് നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനിന്നതെന്നാണ് ലഭ്യമായ വിവരം.
എന്നാൽ ഇത്തരം പ്രചാരണങ്ങൾ എല്ലാം തന്നെ മുന്നണിയിലെ മറ്റ് കക്ഷികൾ നിഷേധിക്കുകയാണ് ചെയ്‌തത്. സഖ്യം ഒറ്റക്കെട്ടായി തന്നെ തുടരുമെന്നും പ്രവർത്തിക്കുമെന്നും ശിവസേന നേതാവ് മിലിന്ദ് ദിയോറ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപിയോ എൻസിപി അജിത് പവാർ വിഭാഗമോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്ത് ബിജെപി ഉയർത്തിപ്പിടിക്കുന്ന കടുത്ത ഹിന്ദുത്വ അജണ്ടയാണ് എൻസിപിയെ അസ്വസ്ഥമാക്കുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം നേരത്തെ തന്നെ ബിജെപി ഉയർത്തിയ ഹിന്ദു ഐക്യത്തിന്റെ മുദ്രവാക്യങ്ങളിൽ അജിത് പവാർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമായും വികസന കാര്യത്തിൽ മുൻതൂക്കം കൊടുത്ത് കൊണ്ട് പ്രചാരണം നടത്താനായിരുന്നു അജിത് പവാറിന്റെ നിർദ്ദേശം.
നവംബർ 20നാണ് സംസ്ഥാനത്ത് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23ന് ഫലവും പ്രഖ്യാപിക്കും. അകെ 288 സീറ്റുകളിലേക്കാണ് പോരാട്ടം നടക്കുക. ഓർ വശത്ത് മഹായുതി സഖ്യത്തിന്റെ കുടക്കീഴിൽ ബിജെപി, ഷിൻഡെ വിഭാഗം ശിവസേന, എൻസിപി അജിത് പവാർ എന്നിവർ ജയം തേടി ഇറങ്ങുമ്പോൾ മറുവശത്ത് മഹാവികാസ് അഘാഡി എന്ന പേരിൽ കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവാർ എന്നിവരും രംഗത്തുണ്ട്.












Click it and Unblock the Notifications