ബാന്ദ്ര ഈസ്റ്റില്‍ പൊടിപാറും; ബാബ സിദ്ദിഖിയുടെ മകനെ ഇറക്കി അജിത് പവാര്‍; എതിരാളി ഉദ്ധവ് പക്ഷം
മുംബൈ: ബാന്ദ്ര ഈസ്റ്റില്‍ ഇത്തവണ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. മഹാരാഷ്ട്രയിലെ ഏറ്റവും ഗ്ലാമര്‍ മണ്ഡലമാണിത്. ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയും, വരുണ്‍ സര്‍ദേശായിയുമാണ് ഇവിടെ എതിരാളികള്‍. രണ്ടുപേരും രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
ബാബ സിദ്ദിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സഹതാപതരംഗമാണ് സീഷാന് ചെറിയ മുന്‍തൂക്കം നല്‍കുന്നത്. പക്ഷേ ജയം ഉറപ്പാണെന്ന് സീഷാന് പറയാനാവില്ല. കാരണം ഈ സീറ്റില്‍ മറാത്ത വിഭാഗക്കാര്‍ വലിയ തോതിലുണ്ട്. അതുപോലെ ചേരികളും, ദളിത്-മുസ്ലീം ജനസംഖ്യയും ഉയര്‍ന്നതാണ്. അന്യസംസ്ഥാനക്കാരും കൂടുതലായുണ്ട്. ഇവരെല്ലാം ഏതൊരാള്‍ക്ക് വിജയിക്കാനും ആവശ്യമാണ്.

താക്കറെ കുടുംബത്തിന്റെ ബംഗ്ലാവായ മാതോശ്രീ ഈ മണ്ഡലത്തിലാണ് ഉള്ളത്. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് പോലൊരു ഓഫീസ് ഏരിയയും ഇവിടെയുണ്ട്. മുംബൈയിലെ ഏറ്റവും പ്രശസ്തമായ മേഖലയാണിത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയും ഈ മണ്ഡലത്തിലാണ് ഉള്ളത്. അജിത് പവാറിന്റെ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാണ് 32കാരനായ സീഷാന്‍ സിദ്ദിഖി.
മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് കോണ്‍ഗ്രസ് സീഷാനെ പുറത്താക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബാബ സിദ്ദിഖിയും കോണ്‍ഗ്രസ് വിട്ടിരുന്നു. തുടര്‍ന്ന് അജിത് പവാര്‍ പക്ഷത്തെത്തുകയായിരുന്നു. ബാബ സിദ്ദിഖിയും കോണ്‍ഗ്രസും തമ്മില്‍ 48 വര്‍ഷത്തെ രാഷ്ട്രീയ ബന്ധമാണ് ഉണ്ടായിരുന്നത്.
അതേസമയം വരുണ്‍ താക്കറെയാണ് മണ്ഡലത്തില്‍ സീഷാനെ നേരിടുന്നത്. വരുണ്‍ താക്കറെ കുടുംബാംഗമാണ്. ഉദ്ധവിന്റെയും ആദിത്യയുടെയും അടുത്ത ബന്ധുവാണ്. യുവസേന നേതാവ് കൂടിയാണ് അദ്ദേഹം. ആദിത്യയുടെ അമ്മ രശ്മി താക്കറെയുടെ സഹോദരിയുടെ മകനാണ് വരുണ്‍.
സീഷാന് അനുകൂലമായി സഹതാപ തരംഗമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ശിവസേനയ്ക്ക് ഏറ്റവും അനുയോജ്യനായ നേതാവാണ് വരുണ്‍. താക്കറെ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. ശിവസേനയുടെ മണ്ഡലമായത് കൊണ്ട് വരുണിന് സ്വീകാര്യതയുണ്ട്.
ബാന്ദ്ര ഈസ്റ്റ് മണ്ഡല പുനക്രമീകരണത്തെ തുടര്‍ന്നാണ് നിലവില്‍ വന്നത്. 2009, 2014 വര്‍ഷങ്ങളില്‍ ശിവസേനയുടെ ബാലാ സാവന്താണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. 2015ല്‍ സാവന്തിന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ ഭാര്യ തൃപ്തി സാവന്ത് മത്സരിച്ചു. നാരായണ്‍ റാണെയെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയായിരുന്നു.
2019ല്‍ സീഷാന്‍ ത്രികോണ പോരാട്ടത്തില്‍ മുംബൈ മേയര്‍ പ്രൊ വിശ്വനാഥ് മഹാദേശ്വറിനെ പരാജയപ്പെടുത്തുകയായിരുന്നു. തൃപ്തി സാവന്തിന്റെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും ശിവസേനയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ തവണ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കൊണ്ട് വോട്ട് ഭിന്നിച്ചു. ഇത്തവണ അതുണ്ടാവില്ലെന്ന് വരുണ്‍ താക്കറെ പറഞ്ഞു.












Click it and Unblock the Notifications