എൻസിപി ടിക്കറ്റിൽ മത്സരിക്കാൻ നവാബ് മാലിക്; ബിജെപി പിന്തുണയ്ക്കില്ല, ദാവൂദുമായി ബന്ധമെന്ന് ആക്ഷേപം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപി അജിത് പവർ വിഭാഗത്തിന് വേണ്ടി നവാബ് മാലിക് മത്സരിക്കും. ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിത്വത്തിന് ഒടുവിലാണ് നവാബ് മാലിക് എൻസിപി ടിക്കറ്റിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായത്. എന്നാൽ സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിർപ്പ് ഇക്കാര്യത്തിൽ എൻസിപിക്ക് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ തന്നെ പ്രചാരണത്തിൽ സഹകരിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച നവാബ് മാലിക് പിന്നീടാണ് എൻസിപി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചത്. ഇതിന് പിന്നാലെ ബിജെപിയുടെ ഭാഗത്ത് കടുത്ത വിയോജിപ്പാണ് ഉയരുന്നത്. കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരാളുമായി സഹകരിക്കാൻ തയ്യാറല്ലെന്നാണ് ബിജെപിയുടെ നിലപാട്. ഇതോടെ സഖ്യത്തിൽ ഇതിനെ ചൊല്ലി വിള്ളൽ വീഴുമോ എന്നാണ് ആശങ്ക.

അനുശക്തി നഗറിനെ പ്രതിനിധീകരിക്കുന്ന സിറ്റിംഗ് എംഎൽഎയാണ് നവാബ് മാലിക്. എന്നാൽ ഇക്കുറി ഈ സീറ്റ് മകൾക്ക് വിട്ടുനൽകുകയാണ് അദ്ദേഹം ചെയ്‌തത്. മകളായ സനയാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. പിന്നാലെയാണ് അദ്ദേഹം മൻഖുർദ്-ശിവാജി നഗർ സീറ്റിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇതിന് പിന്നാലെ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ നിർത്തുന്നതിൽ ബിജെപി എതിർപ്പറിയിച്ചിരുന്നു.
സ്ഥാനാർത്ഥിയായി നാമനിർദ്ദേശം നൽകിയതിന് പിന്നാലെ അദ്ദേഹം അജിത് പവറിന് നന്ദി അറിയിച്ചു. മണ്ഡലത്തിൽ വലിയൊരു ശതമാനം പേരും തന്നെ പിന്തുണയ്ക്കുമെന്ന ശുഭാപ്‌തി വിശ്വാസവും അദ്ദേഹം പങ്കുവച്ചു. എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ നിലപാട് ഒന്ന് കൂടി കടുപ്പിക്കുകയാണ് ബിജെപി ചെയ്‌തത്. മുംബൈ ബിജെപി നേതൃത്വം തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.
നവാബ് മാലിക്കിന് വേണ്ടി പ്രചാരണം നടത്തില്ലെന്നാണ് അവരുടെ തീരുമാനം. എന്നാൽ ഇത് മുന്നണിയിലെ ബന്ധത്തിന് വിള്ളൽ വീഴ്ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് എൻസിപി അജിത് പവർ വിഭാഗത്തിൽ വളരെയേറെ സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് നവാബ് മാലിക് എന്നത് കൊണ്ട് തന്നെ ബിജെപിയുടെ നടപടി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചാൽ അത് മുന്നണിയിൽ ഭിന്നിപ്പിന് കാരണമാവും എന്നാണ് വിലയിരുത്തൽ.
ഇക്കാര്യത്തിൽ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് ശിവസേന യുബിടി നേതാക്കൾ ഉൾപ്പെടെ പ്രതികരിച്ചത്. ആദിത്യ താക്കറെ ഉൾപ്പെടെയുള്ള നേതാക്കൾ കടുത്ത ഭാഷയിൽ ഇതിനെ വിമർശിച്ചു രംഗത്ത് വന്നിരുന്നു. പ്രിയങ്ക ചതുർവേദിയും ബിജെപിയെ വിമർശിക്കുകയുണ്ടായി. ഇതോടെ മുന്നണിയിൽ പ്രതിസന്ധി ഉടലെടുക്കുകയാണ്.
നിലവിൽ നവാബ് മാലിക് മത്സരിക്കുന്ന മാൻഖുർദ്-ശിവാജി നഗർ സീറ്റ് സമാജ്‌വാദി പാർട്ടിയുടെ കൈകളിലാണ് നിലവിൽ. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജയിച്ചുവന്ന എസ്‌പി നേതാവ് അബു അസ്‌മി മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി ചർച്ച നടത്തി വരികയാണ്. അഞ്ച് സീറ്റുകൾ വേണമെന്നാണ് അവരുടെ ആവശ്യം. നവംബർ 20ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഫലം പുറത്തുവിടുന്നത് നവംബർ 23നാണ്.












Click it and Unblock the Notifications