മഹാരാഷ്ട്രയില്‍ 36 ഇടങ്ങളില്‍ എന്‍സിപി നേര്‍ക്കുനേര്‍; പശ്ചിമ മേഖലയില്‍ ആധിപത്യത്തിന് അജിത് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ കുടുംബ പോരാട്ടം കടുക്കുന്നു. അജിത് പവാറിന്റെ എന്‍സിപിയും, ശരത് പവാറിന്റെയും എന്‍സിപിയും നേരിട്ട് പോരാട്ടം നടക്കുന്നത് 36 ഇടങ്ങളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറികടക്കാന്‍ അജിത് പക്ഷം ഇറങ്ങുന്നതോടെ മത്സരം കടുക്കും. ശരത് പവാറിനൊപ്പമാണോ അജിത്തിനൊപ്പമാണോ ജനങ്ങള്‍ എന്ന് തീരുമാനിക്കുന്ന പോരാട്ടം കൂടിയായിരിക്കും ഇത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ശരത് പവാര്‍ പക്ഷത്തിനായിരുന്നു വന്‍ നേട്ടം. അജിത് പവാര്‍ ബാരാമതിയില്‍ മത്സരിക്കുന്നതാണ് ഇതില്‍ ഏറ്റവും വലിയ പോരാട്ടം. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുപ്രിയ സുലെയ്ക്കായിരുന്നു വിജയം.

പശ്ചിമ മഹാരാഷ്ട്രയിലാണ് എന്‍സിപികളുടെ പോരാട്ടം കാര്യമായി നടക്കുന്നത്. ഷുഗര്‍ ബെല്‍റ്റ് എന്നാണ് പശ്ചിമ മഹാരാഷ്ട്ര അറിയപ്പെടുന്നത്. ഏകദേശം പതിനഞ്ചോളം മണ്ഡലങ്ങളിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടുന്നത്. അജിത് പവാര്‍ പോയിട്ടും ശരത് പവാറിന്റെ പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. എന്നാല്‍ അജിത്തിന് വലിയ നഷ്ടമാണ് ഉണ്ടായത്.
ശരത് പവാര്‍ ഒപ്പമില്ലെങ്കില്‍ കരുത്തില്ല എന്ന ആരോപണം ശരിവെക്കുന്നതായിരുന്നു എന്‍സിപിയുടെ പ്രകടനം. ഒരു സീറ്റ് മാത്രമാണ് അജിത് പക്ഷത്തിന് ലഭിച്ചത്. ഇത്തവണ പക്ഷേ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ അജിത് പക്ഷത്തിന് എന്‍ഡിഎയിലുള്ള കരുത്ത് നഷ്ടമാകും.
വടക്കന്‍ മഹാരാഷ്ട്രയിലും എന്‍സിപി നേതാക്കളുടെ പോരാട്ടം ശക്തമാണ്. ഏഴ് മണ്ഡലങ്ങളിലാണ് മത്സരം. ബാരാമതിയില്‍ അജിത് പവാര്‍ സഹോദരന്റെ മകനായ യുഗേന്ദ്ര പവാറിനെതിരെയാണ് മത്സരിക്കുന്നത്. ശരത് പവാര്‍ വളര്‍ത്തിയെടുത്ത നേതാവാണ് അദ്ദേഹം. സുപ്രിയ സുലെ മണ്ഡലത്തില്‍ സജീവ പ്രചാരണവുമായി രംഗത്തുണ്ടാവും.
സുപ്രിയയുടെ വിജയത്തില്‍ യുഗേന്ദ്രയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. അജിത് പവാര്‍ ഭാര്യ സുനേത്രയെയാണ് ബാരാമതിയില്‍ മത്സരിപ്പിച്ചത്. സുപ്രിയ എളുപ്പത്തിലാണ് മത്സരം വിജയിച്ചത്. അതേസമയം മറാത്ത് വാഡയിലെ അഞ്ച് സീറ്റിലും, വിദര്‍ഭയിലെ നാല് സീറ്റിലും, മുംബൈയിലെ ഒരു സീറ്റിലും ഇവര്‍ തമ്മില്‍ മത്സരമുണ്ട്.
ലാര്‍ജര്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍, കൊങ്കണ്‍ എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും അജിത് പക്ഷവും ശരത്പവാര്‍ പക്ഷവും ഏറ്റുമുട്ടും. ബാരാമതി, അംബേഗാവ്, ഇന്ദാപൂര്‍, കാഗല്‍, ഹദപ്‌സര്‍, വാദ്ഗാവ് ഷേരി, ഇസ്ലാംപൂര്‍, താസ്ഗാവ് കവാതെ-മഹങ്കാല്‍, ഷിരൂര്‍, ഫാല്‍ട്ടാന്‍, മൊഹോള്‍, പിംപ്രി, ജുന്നാര്‍, വായ് ആന്‍ഡ് ചാന്ദ്ഗഡ് എന്നിവയാണ് പശ്ചിമ മഹാരാഷ്ട്രയില്‍ എന്‍സിപികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മണ്ഡലങ്ങള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി അജിത് പക്ഷം നാല് സീറ്റിലാണ് മത്സരിച്ചത്. ഒന്നില്‍ മാത്രമാണ് വിജയിച്ചത്. പവാര്‍ പക്ഷം എട്ട് സീറ്റില്‍ വിജയിച്ചിരുന്നു. പശ്ചിമ മഹാരാഷ്ട്രയില്‍ എന്‍സിപി രൂപീകരിച്ചത് മുതല്‍ ആധിപത്യമുണ്ട്. ഇത്തവണ അത് മാറില്ലെന്ന വിശ്വാസത്തിലാണ് ശരത് പവാര്‍.












Click it and Unblock the Notifications