മഹാരാഷ്ട്രയിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം? ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്, വിവാദം
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്ക് എതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. വിരാറിലെ ഒരു ഹോട്ടലിൽ നിന്ന് വിനോദ് വിനോദ് താവ്‌ഡെയുടെ നേരെ ബഹുജൻ വികാസ് അഘാഡി പാർട്ടിയിലെ പ്രവർത്തകർ പാഞ്ഞടുക്കുന്നതിന്റ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലിൽ വിനോദ് താവ്‌ഡെയുടെ കൈവശം അഞ്ച് കോടി രൂപ ഉണ്ടായിരുന്നതായാണ് ബിവിഎ അംഗങ്ങൾ ആരോപിക്കുന്നത്. ഇത് ജനങ്ങളെ പണം നൽകി സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവർ ആരോപിക്കുന്നു. പുറത്ത് വന്ന ദൃശ്യങ്ങളിൽ ബിവിഎ അംഗങ്ങൾ താവ്‌ഡെയുടെ മുഖത്തേക്ക് പണം വലിച്ചെറിയുന്നത് ഉൾപ്പെടെ കാണാം.

മഹാരാഷ്ട്രയിൽ പരസ്യ പ്രചാരണം അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. താവ്‌ഡെയുടെ നേരെ ബിവിഎ പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി പാഞ്ഞടുത്തത് പലരും ക്യാമറയിൽ പകർത്തിയിരുന്നു. ഒടുവിൽ പോലീസ് ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തിയിരുന്നു. ഇവിടെ നിന്ന് ബിജെപി നേതാവിനെ സുരക്ഷിതമായി പുറത്തേക്ക് കടത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വിവന്ത് ഹോട്ടലിൽ വച്ച് താവ്‌ഡെ പ്രാദേശിക ബിജെപി നേതാക്കളുമായും ബിജെപി സ്ഥാനാർത്ഥി രാജൻ നായിക്കുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ യോഗത്തിൽ പങ്കെടുക്കാൻ വന്നവർക്ക് താവ്‌ഡെ പണം കൈമാറുന്നത് കണ്ടുവെന്നാണ് ബിവിഎ അംഗങ്ങൾ ആരോപിക്കുന്നത്. അഞ്ച് കോടിയോളം രൂപ വിനോദ് താവ്‌ഡെയുടെ കൈവശം ഉണ്ടായിരുന്നതായും ഡയറിയിൽ കുറിച്ചിട്ട പേരുകൾ നോക്കി പണം വിതരണം ചെയ്യുകയുമായിരുന്നു എന്നാണ് ആരോപണം.
വിനോദ് താവ്‌ഡെയുടേത് എന്ന് ബിവിഎ അവകാശപ്പെടുന്ന ബാഗിൽ നിന്ന് നോട്ടുകെട്ടുകൾ പ്രവർത്തകർ പുറത്തേക്ക് എടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ബാഗ് തന്റേത് അല്ലെന്നാണ് താവ്‌ഡെ ആവർത്തിക്കുന്നത്. ഇതിനിടെ വീഡിയോകളും ചിത്രങ്ങളും പകർത്താൻ അടുത്ത് നിൽക്കുന്നവരെ ബിവിഎ പ്രവർത്തകർ അനുവദിക്കുന്നുമുണ്ട്.
പണം വിതരണം ചെയ്യുന്ന സമയം ഹോട്ടലിന്റെ പ്രധാന ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു എന്നാണ് ബിവിഎ പ്രവർത്തകർ പറയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട ബിജെപി നേതാവിനെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് ബിവിഎ ഉൾപ്പെടെയുള്ള കക്ഷികളുടെ ആവശ്യം. സംഭവം നടന്ന മേഖലയിൽ ഉൾപ്പെടെ കടുത്ത സ്വാധീനമുള്ള പാർട്ടിയാണ് ബിവിഎ.
വസായ് എംഎൽഎ ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിവിഎക്ക് മേഖലയിൽ ശക്തമായ സാന്നിധ്യമുണ്ട്. സംഭവം നടന്ന പാൽഘർ ജില്ലയിൽ നിന്ന് മൂന്ന് എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. വസായ്, നലസോപാര, ബോയ്സർ സീറ്റുകളാണ് ഇവ. നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടേയും ഒപ്പം നിൽക്കാതെ സ്വതന്ത്രമായാണ് ബിവിഎ മത്സരിക്കുന്നത്.
അതേസമയം, ബിവിഎ ഉയർത്തിയ ആരോപണങ്ങൾ എല്ലാം തന്നെ വിനോദ് താവ്‌ഡെ നിഷേധിച്ചു. സത്യം എല്ലാവർക്കും അറിയാമെന്നും എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നും താവ്‌ഡെ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ വിവാദ വീഡിയോ വീഡിയോ ശിവസേന യുബിടി വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ഉൾപ്പെടെ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.












Click it and Unblock the Notifications