മഹായുതിയില്‍ ഭിന്നത, നവാബ് മാലിക്കിനായി പ്രചാരണത്തിനിറങ്ങി അജിത് പവാര്‍; ബിജെപി കലിപ്പില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. എന്‍സിപി അജിത് പവാര്‍ വിഭാഗം സഖ്യത്തില്‍ വിമതരായി മാറിയിരിക്കുകയാണ്. നവാബ് മാലിക്കിനായി അജിത് പവാര്‍ പ്രചാരണത്തിന് ഇറങ്ങിയതോടെ ബിജെപി ഇടഞ്ഞിരിക്കുകയാണ്.
നേരത്തെ തന്നെ മാലിക്കിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മാന്‍കുര്‍ദ്-ശിവാജി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് മാലിക് മത്സരിക്കുന്നത്. ഇവിടെ നവാബ് മാലിക് വെള്ളിയാഴ്ച്ച വമ്പന്‍ റോഡ്‌ഷോ നടത്തി. അതിലാണ് അജിത് പവാര്‍ പങ്കെടുത്തത്. ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് പവാര്‍ പ്രചാരണത്തിനായി മണ്ഡലത്തിലെത്തിയത്.

നവാബ് മാലിക്കിന്റെ മകള്‍ സനയ്ക്ക് വേണ്ടിയും പവാര്‍ പ്രചാരണത്തിനെത്തി. അനുശക്തി നഗറില്‍ നിന്നാണ് സന മത്സരിക്കുന്നത്. എന്റെ ഉത്തരവാദിങ്ങളെ ഉപേക്ഷിക്കുകയാണ്. നവാബ് മാലിക്കിനായി ഞങ്ങള്‍ പ്രചാരണം നടത്തുമെന്നും അജിത് പവാര്‍ പറഞ്ഞു. നവാബ് മാലിക്കിന് അധോലോകവുമായി ബന്ധമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.
മാലിക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബിജെപി അതുകൊണ്ട് എതിര്‍ക്കുന്നുണ്ട്. മഹാവികാസ് അഗാഡി അധികാരത്തില്‍ ഇരുന്നപ്പോള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു അദ്ദേഹം. ഫട്‌നാവിസ് പരസ്യമായി തന്നെ മാലിക്കിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
നവാബ് മാലിക്കിനെതിരെയുള്ള ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അജിത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. 2022ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാലിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയായിരുന്നു. അതേസമയം മണ്ഡലത്തില്‍ ശിവസേനയും സൗഹൃദ മത്സരം നടത്തുന്നുണ്ട്.
സുരേഷ് പാട്ടീലിനെയാണ് മത്സരിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ അബു അസിം അസ്മിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ജഗദീഷ് ഖണ്ഡേക്കറും ഇവിടെ മത്സരിക്കുന്നുണ്ട്. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും വഞ്ചിത് ബഹുജന്‍ അഗാഡിയും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മാന്‍കുര്‍ദില്‍ ഇത്രയും സ്ഥാനാര്‍ത്ഥികള്‍ ഉള്ളതിനാല്‍ മത്സരം അതിശക്തമാകും.
അതേസമയം താന്‍ മഹായുതിയുടെ സ്ഥാനാര്‍ത്ഥിയല്ലെന്നും എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാണെന്നും മാലിക് പറഞ്ഞു. അജിത് പവാറാണ് എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എനിക്ക് വേണ്ടി അദ്ദേഹം പ്രചാരണം നടത്തി. അതിനേക്കാള്‍ വലുതൊന്നും ഇല്ലെന്നും മാലിക് പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ അബു അസ്മിയാണ് മാന്‍കുര്‍ദ്-ശിവാജിനഗറില്‍ കഴിഞ്ഞ മൂന്ന് തവണയായി വിജയിക്കുന്നത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ യാതൊരു വികസനവും നടക്കുന്നില്ലെന്നും അജിത് പവാര്‍ ആരോപിച്ചു. മാലിന്യ നിര്‍മാര്‍ജന പ്രശ്‌നം ഇവിടെയുണ്ട്. ആളുകള്‍ രോഗികളാവുകയാണ്. നവാബ് മാലിക് തിരഞ്ഞെടുക്കപ്പെട്ടാല്‍, എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും പവാര്‍ പറഞ്ഞു.












Click it and Unblock the Notifications