മഹാരാഷ്ട്രയില്‍ ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; സിറ്റിംഗ് എംഎല്‍എമാരെ മാറ്റി
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 22 പേരാണ് പട്ടികയിലുള്ളത്. ആദ്യ പട്ടികയില്‍ 99 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു ബിജെപി. വാഷിമിലും, ഗഡ്ചിരോളിയിലും സിറ്റിംഗ് എംഎല്‍എമാരെ മാറ്റിയിരിക്കുകയാണ് പാര്‍ട്ടി. അകോട്, നാസിക് സെന്‍ട്രല്‍, പെന്‍, ഖഡ്ക് വാസല, പൂനെ കന്റോണ്‍മെന്റ്, ഉല്‍ഹാസ്‌നഗര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരെ സ്ഥാനാര്‍ത്ഥികളായി നിലനിര്‍ത്തിയിട്ടുണ്ട്.
ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് അംഗങ്ങളും രണ്ടാം ഘട്ട പട്ടികയിലുണ്ട്. ഗോപിചന്ദ് പഡല്‍ക്കര്‍ ജാട്ടില്‍ നിന്നും, രമേഷ് കരാട് ലാത്തൂര്‍ റൂറലില്‍ നിന്നും മത്സരിക്കും. ലാത്തൂര്‍ റൂറലില്‍ കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി ധീരജ് ദേശ്മുഖാണ് രമേശിന് എതിരാളി. 121 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്.

ആദ്യ പട്ടികയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്റെ മകള്‍ ശ്രീജയ ചവാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഭോക്കാറില്‍ നിന്നാണ് ശ്രീജയ മത്സരിക്കുന്നത്. അതേസമയം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നാഗ്പൂര്‍ ദക്ഷിണില്‍ നിന്നും, മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭാവനകുലെ കാംതിയില്‍ നിന്നും മത്സരിക്കും.
നേരത്തെ ബിജെപി നാല്‍പ്പത് പേര്‍ അടങ്ങിയ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ നേതാക്കളായ താരപ്രചാരകരുടെ പട്ടികയിലുള്ളത്.
നവംബര്‍ ഏഴിനും പതിനാലിനും ഇടയില്‍ പത്ത് റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ്, അശ്വിനി വൈഷ്ണവ് എന്നിവരെല്ലാം താരപ്രചാരകരുടെ പട്ടികയിലുണ്ട്.
എന്‍സിപിയും ശിവസേനയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
മഹാവികാസ് അഗാഡിയിലെ നിര്‍ണായക കക്ഷികളായ എന്‍സിപി പവാര്‍ പക്ഷവും, ശിവസേന ഉദ്ധവ് പക്ഷവും രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍സിപി പവാര്‍ പക്ഷം 22 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎല്‍എമാര്‍ അടക്കം പട്ടികയിലുണ്ട്. ഉല്‍ഹാസ്‌നഗറില്‍ നിന്ന് ഓമി ഖലാനി മത്സരിക്കും. ബഗ്ലാനില്‍ നിന്ന് ദീപിക ചവാനും, ബീഡില്‍ നിന്ന് സന്ദീപ് ക്ഷീരസാഗറും മത്സരിക്കും. നാസിക്ക് ഈസ്റ്റില്‍ നിന്ന് ഗണേഷ് ഗീതെയാണ് മത്സരിക്കുന്നത്.
ശിവസേന യുബിടി മുംബൈയിലെ മൂന്ന് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്ന് അവരുടെ ഏക മുസ്ലീം സ്ഥാനാര്‍ത്ഥിയാണ്. വെര്‍സോവയില്‍ നിന്ന് ഹരുണ്‍ ഖാന്‍ മത്സരിക്കും. ഗട്‌കോപര്‍ വെസ്റ്റില്‍ നിന്ന് സഞ്ജയ് ഭാലേറാവുവും, വിലേ പാര്‍ലെയില്‍ നിന്ന് സന്ദീപ് നായിക്കും മത്സരിക്കും.
കോണ്‍ഗ്രസുമായി തര്‍ക്കം നിലനിലന്നിരുന്ന മണ്ഡലങ്ങളാണിത്. ഇതെല്ലാം പരിഹരിച്ചുവെന്ന സൂചനയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ എംവിഎ നല്‍കുന്നത്.നിലവിലെ ഫോര്‍മുല പ്രകാരം എന്‍സിപി, ശിവസേന യുബിടി, കോണ്‍ഗ്രസ് എന്നിവര്‍ 90 സീറ്റുകളില്‍ മത്സരിക്കും. ബാക്കിയുള്ള സീറ്റുകള്‍ ചെറുകക്ഷികള്‍ക്കായി വിട്ടുകൊടുക്കാനാണ് ധാരണ.












Click it and Unblock the Notifications