ഉദ്ധവ് പക്ഷം പ്രഖ്യാപിച്ച സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ്; ഇടഞ്ഞ് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയില്‍ വീണ്ടും തര്‍ക്കം. ശിവസേന ഉദ്ധവ് പക്ഷം പ്രഖ്യാപിച്ച സീറ്റില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ്. സോലാപൂര്‍ സൗത്ത് സീറ്റിലാണ് തര്‍ക്കം രൂപപ്പെട്ടിരിക്കുന്നത്. ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നുള്ള ഇത്തരം നടപടികള്‍ പ്രകോപനമുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അതേ രീതിയിലുള്ള മറുപടി ശിവസേനയില്‍ നിന്നുമുണ്ടാവും. അത് മഹാവികാസ് അഗാഡിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സോലാപൂര്‍ സൗത്തില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് സോലാപൂര്‍ സൗത്തില്‍ ദിലീപ് മാനെയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ശിവസേന യുബിടി അമര്‍ പാട്ടീലിനെ നേരത്തെ തന്നെ ആ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നുവെന്ന് സഞ്ജയ് റാവത്ത് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുണ്ടായ അക്ഷരപിശകായിട്ടാണ് ഇതിനെ കാണുന്നത്. ഞങ്ങളില്‍ നിന്നും അത്തരം പിശകുകള്‍ സംഭവിക്കാമെന്നും റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മിറാജ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കേട്ടിരുന്നു. ആ സീറ്റ് ചര്‍ച്ചകളില്‍ വന്നതാണ്. സഖ്യകക്ഷികള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്, എംവിഎയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും റാവത്ത് പറഞ്ഞു.
മുംബൈയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ട്. ഒരു സീറ്റ് കൂടുതലായി മുംബൈയില്‍ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയില്‍ പരമ്പരാഗതമായി ശിവസേനയാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. മുംബൈയില്‍ പാര്‍ട്ടിയെ ആവശ്യമാണ്. കോണ്‍ഗ്രസിനെ വിദര്‍ഭ മേഖലയില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെയാണിതെന്നും റാവത്ത് പറഞ്ഞു.
അതേസമയം സോലാപൂര്‍ സൗത്തില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. ഞങ്ങള്‍ സംസ്ഥാന സമിതിയാണ്. അതുകൊണ്ട് പ്രതികരിക്കാനില്ല. റാവത്ത് തന്റെ വിമര്‍ശനം സര്‍ക്കാരിന് നേരെയാണ് ഉന്നയിക്കേണ്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നാളെയോടെ അവസാനിക്കുമെന്നും പടോലെ വ്യക്തമാക്കി.
അതേസമയം മഹായുതിയിലും പ്രശ്‌നങ്ങള്‍ക്ക് കുറവില്ല. നന്ദ്ഗാവില്‍ സമീര്‍ ബുജ്ബല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മഹായുതി ഇവിടെ സുഹാസ് കാന്‍ഡെയെ മത്സരിപ്പിക്കുന്നുണ്ട്. ഷിന്‍ഡെ പക്ഷമാണ് ഇവിടെ മത്സരിക്കുന്നത്.
ഉദ്ധവ് പക്ഷത്ത് നിന്നുള്ള 40 വിമതരില്‍ 39 പേര്‍ക്കും ഷിന്‍ഡെ സീറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാല്‍ഗഡില്‍ നിന്ന് ശ്രീനിവാസ് വംഗയ്ക്ക് സീറ്റ് നല്‍കിയിട്ടില്ല. വംഗയുടെ കുടുംബം ഷിന്‍ഡെയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷിന്‍ഡെ വാക്ക് പാലിച്ചില്ലെന്ന് വംഗയുടെ കുടുംബം ആരോപിച്ചു.












Click it and Unblock the Notifications