'ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണം'; വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷൻ, പ്ലാൻ ബിയോ?
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സഖ്യത്തിനെ താഴെയിറക്കിയായിരുന്നു ബി ജെ പി മഹാരാഷ്ട്ര അധികാരം തിരിച്ച് പിടിച്ചത്. ശിവസേന നേതാവായ ഏക്നാഥ് ഷിൻഡയേയും അദ്ദേഹത്തിനൊപ്പമുള്ള എം എൽ എമാരേയും ബി ജെ പിയിലെത്തിച്ച് കൊണ്ടായിരുന്നു ഇത്. മുൻ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് വിലയിരുത്തലുണ്ടായിരുന്നതെങ്കിലും അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഷിൻഡെയെ ബി ജെ പി മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കി.
എന്നാൽ ഷിൻഡെയ്ക്ക് മുഖ്യമന്ത്രി പദം നൽകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന ക്യാമ്പിൽ വലിയ അതൃപ്തിക്ക് കാരണമായിരിന്നു. പലപ്പോഴായി തങ്ങളുടെ അതൃപ്തികൾ നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ബി ജെ പി അധ്യക്ഷൻ. ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹം ഒരു പൊതുപരിപാടിക്കിടെ പറഞ്ഞത്.

നാഗ്പൂരിൽ വെച്ച് ഒരു സുമദായ പരിപാടിക്കിടെയാണ് പാർട്ടി അധ്യക്ഷനായ ചന്ദ്രശേഖർ ഭവൻകുലെ വെടിപൊട്ടിച്ചത്. ഭവൻകുലയുടെ സ്വന്തം സമുദായമായ തേലി വിഭാഗത്തിന്റെ പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹം തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. സംസ്ഥാനത്തിന്റെ സമ്പൂർണ വികസനത്തിന് ദേവേന്ദ്ര ഫഡ്നാവിസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകണം, എന്നായിരുന്നു ഭവൻകുലെയുടെ വാക്കുകൾ.

ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ നാം എല്ലാരും പ്രവർത്തിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ആ സ്ഥാനം ലഭിക്കുകയല്ല മറിച്ച് മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് അത് ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയുടെ മികച്ച ഭാവി കെട്ടിപടുക്കാൻ ഒരാൾക്ക് കഴിയുമെങ്കിൽ അത് ദേവേന്ദ്രജിയ്ക്കാണ്', ഭവൻകുലെ പറഞ്ഞു. അതേസമയം സമാന കാര്യം നേരത്തേയും ഭവൻകുല വിവിധ പരിപാടികൾ പറഞ്ഞിട്ടുണ്ട്. അന്നെല്ലാം സഖ്യത്തിനുള്ളിൽ ഇത് വലിയ മുറുമുറുപ്പിന് കാരണമായിരുന്നു. ഇത്തരം പ്രസ്താവനകൾ സഖ്യത്തിനിടയിൽ വിള്ളൽ വരുത്താൻ കാരണമാകുമെന്നായിരുന്നു അന്ന് ഷിൻഡെ പക്ഷത്തുള്ള ശിവസേന വിമതർ തുറന്നടിച്ചത്.

അതേസമയം ബി ജെ പി അധ്യക്ഷന്റെ പുതിയ പ്രസ്താവന വലിയ കാര്യമാക്കേണ്ടതില്ലെന്നാണ് ഇപ്പോൾ ഷിൻഡെ പക്ഷം പ്രതികരിച്ചത്. അത്തരം പ്രതികരണങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതില്ല. എന്തൊക്കെ സംഭവിച്ചാലും തങ്ങൾ ബി ജെ പിയുമായി സഖ്യത്തിൽ തന്നെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടും', ഷിൻഡെ പക്ഷത്ത് നിന്നുള്ള മന്ത്രി കൂടിയായ ശംഭുരാജ് ദേശായി പ്രതികരിച്ചു.

അതിനിടെ ബി ജെ പി അധ്യക്ഷന്റെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. കഴിഞ്ഞ കുറച്ച് നാളുകളായി ബി ജെ പി സർക്കളിൽ നടക്കുന്ന ചർച്ചയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് എൻ സി പി കുറ്റപ്പെടുത്തി. മുതിർന്ന ബി ജെ പി നേതാക്കളായ ചന്ദ്രകാന്ത് പാട്ടീലും ഫ്ഡനാവിസുമാണ് ഇപ്പോൾ സർക്കാരിനെ നിയന്ത്രിക്കുന്നത്. ഉടൻ തന്നെ ബി ജെ പി സംസ്ഥാനത്ത് തങ്ങളുടെ പ്ലാൻ ബി പയറ്റുമെന്നും ഷിൻഡെയെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്നും എൻ സി പി നേതാക്കൾ ആരോപിച്ചു.












Click it and Unblock the Notifications