'മഹാത്മാഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണ്, ഇന്ത്യയുടേതല്ല'; വിവാദമായി അഭിജിത് ഭട്ടാചാര്യയുടെ പരാമർശം
ന്യൂഡൽഹി: ഗാന്ധിയെ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പ്രമുഖ ഗായകൻ അഭിജിത് ഭട്ടാചാര്യക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുമായുള്ള പോഡ്‌കാസ്‌റ്റിൽ വിഖ്യാത സംഗീതസംവിധായകൻ ആർഡി ബർമനെക്കുറിച്ച് സംസാരിക്കവേയാണ് അഭിജിത് ഭട്ടാചാര്യ വിവാദ പ്രസ്‌താവന നടത്തിയത്.
മഹാത്മാഗാന്ധിയേക്കാൾ വലുതായിരുന്നു ആർഡി ബർമനെന്നും, മഹാത്മാഗാന്ധി രാഷ്ട്രപിതാവായത് പോലെ സംഗീതലോകത്ത് രാഷ്ട്രപിതാവായിരുന്നു അദ്ദേഹമെന്നും ഗായകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്നും പാക്കിസ്ഥാന്റെ പിതാവാണെന്നും അദ്ദേഹം നിലപാട് എടുത്തത്. ഇന്ത്യ എപ്പോഴും അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പാക്കിസ്ഥാനാണ് സൃഷ്‌ടിക്കപ്പെട്ടതെന്നും, അബദ്ധത്തിൽ മഹാത്മാഗാന്ധിയെ നമ്മുടെ രാഷ്ട്രപിതാവ് എന്ന് വിളിച്ചിരുന്നുവെന്നും അഭിജിത് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗായകന്റെ പ്രസ്‌താവനയെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
ചിലരാവട്ടെ അദ്ദേഹത്തെ അനുകൂലിക്കുന്നുമുണ്ട്. ഒരു ബംഗാളി ആയിരുന്നിട്ടും എങ്ങനെയാണ് അദ്ദേഹത്തിന് ഗാന്ധിയെ കുറ്റം പറയാൻ കഴിയുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാൽ അദ്ദേഹം ജനിച്ചത് യുപിയിൽ ആണെന്നായിരുന്നു ചിലർ നൽകുന്ന മറുപടി. എന്തായാലും വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്.
ആരാണ് അഭിജിത് ഭട്ടാചാര്യ?
അറിയപ്പെടുന്ന ഗായകനായ അദ്ദേഹം ഹിന്ദി സംഗീത വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ചത് ഇതിഹാസ സംഗീതസംവിധായകൻ ആർ ഡി ബർമനൊപ്പമാണ്. ബംഗാളി സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തുടക്കം. വിഖ്യാത ഗായിക ആശാ ഭോസ്‌ലെയ്‌ക്കൊപ്പം ഒരു ഡ്യുയറ്റിലൂടെയാണ് അദ്ദേഹം ആദ്യമായി പ്രേക്ഷക പ്രീതി നേടിയത്. പിന്നീട് ആർഡി ബർമന്റെ സ്‌റ്റേജ് ഷോകളുടെയും ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
മിഥുൻ ചക്രവർത്തി, വിജയ് ആനന്ദ്, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, സണ്ണി ഡിയോൾ, സഞ്ജയ് ദത്ത്, ഗോവിന്ദ, അക്ഷയ് ഖന്ന, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ, ഹൃത്വിക് റോഷൻ, രൺബീർ കപൂർ എന്നിങ്ങനെ ബോളിവുഡിലെ ചെറുതും വലുതുമായ സൂപ്പർ താരങ്ങൾക്കും അല്ലാത്തവർക്കും വേണ്ടി അഭിജിത് ഭട്ടാചാര്യ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.കൂടാതെ ഈ വർഷം ജനപ്രിയ വെബ് സീരീസായ പഞ്ചായത്തിന്റെ സീസൺ 3-ൽ താമേ ദിൽ കോ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം തിരിച്ചുവരവ് അടയാളപ്പെരുത്തിയത്.












Click it and Unblock the Notifications