എത്തിക്‌സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു; പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച് മഹുവ
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്തായ തൃണമൂല്‍ കോണ്ഗ്രസ് അംഗം മഹുവ മൊയിത്ര പ്രതിഷേധവുമായി രംഗത്ത്. പ്രതിപക്ഷ എംപിമാരെല്ലാം അവര്‍ക്കൊപ്പമുണ്ട്. പാര്‍ലമെന്റ് എത്തിക്‌സ് എല്ലാ നിയമവും ലംഘിച്ചെന്നാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിച്ചതും, നടപടിക്ക് നിര്‍ദേശിച്ചതെന്നും മഹുവ പറഞ്ഞു.
വൈകാതെ തന്നെ സിബിഐ അയച്ച് എന്നെ പ്രതിരോധത്തിലാക്കുകയാണ് ഇവര്‍ ചെയ്യാന്‍ പോകുന്നതെന്നും മഹുവ മാധ്യമങ്ങളോട് പറഞ്ഞു. എത്തിക്‌സ് ഇന്നാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മഹുവയ്‌ക്കെതിരെ അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്രായ്, ബിജെപി നേതാവ് നിഷികാന്ത് ദുബെ എന്നിവര്‍ നല്‍കിയ പരാതികള്‍ അടക്കം പരിശോധിച്ചാണ് നടപടിയെടുക്കാന്‍ എത്തിക്‌സ് കമ്മിറ്റി നിര്‍ദേശം നല്‍കിയത്.

അതേസമയം പാര്‍ലമെന്റില്‍ മഹുവയെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇത് പ്രതിപക്ഷ നേതാക്കളില്‍ നിന്ന് പ്രതിഷേധത്തിന് കാരണമായിരുന്നു. മഹുവയ്ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നായിരുന്നു ആവശ്യം. ലോക്‌സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നത്. അതും യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെ ലോക്‌സഭയിലെത്തിയ വനിതയ്‌ക്കെതിരെയാണ് ഈ വേട്ടയാടല്‍ നടന്നത്.പാര്‍ലമെന്ററി കമ്മിറ്റിയെ ഉപയോഗിച്ച് വേട്ടയാടലിനും ലോക്‌സഭ സാക്ഷ്യം വഹിച്ചുവെന്നും മഹുവ ആരോപിച്ചു.
മഹുവ മൊയിത്രയ്‌ക്കൊപ്പം പ്രതിപക്ഷം മൊത്തം അടിയുറച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പറഞ്ഞു. മഹുവയെ ഇന്ന് സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. എത്തിക്‌സ് മഹുവയെ അഭിപ്രായങ്ങള്‍ക്ക് വില വെക്കുന്നില്ലെന്നും സോണിയ ആരോപിച്ചു. നേരത്തെ ക്രോസ് വിസ്താരത്തിന്റെ സമയത്ത് മഹുവ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
തീര്‍ത്തും ദുഷ്ടലാക്കോടെയുള്ളതായിരുന്നു കമ്മിറ്റിയുടെ ചോദ്യം ചെയ്യലെന്നും മഹുവ ആരോപിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ തെഹ്‌സീന്‍ പൂനാവാലയും മഹുവയെ പിന്തുണച്ചു. അവര്‍ക്ക് ന്യായവും സുതാര്യവുമായ നടപടികള്‍ അല്ല നേരിടേണ്ടി വന്നതെന്നും പൂനാവാല ആരോപിച്ചു. എന്‍ഡിടിവിയോടായിരുന്നു പ്രതികരണം.
നേരത്തെ മഹുവയെ മൊയിത്രയെ പുറത്താക്കാന്‍ ലോക്‌സഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വാദിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ള ഈ വാദങ്ങളെ തള്ളി. ഏഴ് മിനുട്ടെങ്കിലും സംസാരിക്കാന്‍ മഹുവയെ അനുവദിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ സംസാരിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നുവെന്നായിരുന്നു സ്പീക്കര്‍ വിശദീകരിച്ചത്. അതേസമയം പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. അദാനിക്കെതിരായ പോരാട്ടം തുടരുമെന്ന് മഹുവ വ്യക്തമാക്കി.












Click it and Unblock the Notifications