ഫാസ്‌ടാഗും പേടിഎമ്മിനെ കൈയൊഴിഞ്ഞു; മാർച്ച് 15നകം ബാങ്ക് മാറണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി: റിസർവ് ബാങ്ക് നിയന്ത്രണങ്ങളിൽപെട്ട് വലയുന്ന പേടിഎമ്മിന് വീണ്ടും തിരിച്ചടി. മാർച്ച് 15ന് മുൻപായി മറ്റൊരു ബാങ്കിൽ നിന്ന് പുതിയ ഫാസ്‌ടാഗ് വാങ്ങാൻ പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളോട് എൻഎച്ച്എഐ നിർദ്ദേശിച്ചിരിക്കുകയാണ് ഇപ്പോൾ. സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനും ടോൾ പ്ലാസകളിലെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഈ നിർദ്ദേശമെന്ന് എൻഎച്ച്എഐ ചൂണ്ടിക്കാട്ടി.
ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ പിഴയോ ഇരട്ടി ഫീസ് ചാർജ്ജുകളോ ഈടാക്കുന്നത് ഒഴിവാക്കാൻ യാത്രക്കാരെ ഇത് സഹായിക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു. മാര്‍ച്ച് 15 വെള്ളിയാഴ്‌ചയ്ക്ക് മുമ്പ് മറ്റ് ബാങ്കുകളിലേക്ക് ഫാസ്‌ടാഗ് മാറ്റിയെന്ന് ഉറപ്പുവരുത്താനാണ് ഉപഭോക്താക്കളോട് എൻഎച്ച്എഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പേടിഎം അക്കൗണ്ടുകളിലെ നിലവിലുള്ള ബാലന്‍സ് ഉപയോഗിച്ച് വാലറ്റ്, ഫാസ്‌ടാഗ്, എന്‍സിഎംസി സേവനങ്ങള്‍ മാര്‍ച്ച് 15 വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നേരത്തെ റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് 15ന് മുമ്പായി മറ്റ് ബാങ്കുകളിലേക്ക് മാറാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റിസര്‍വ് ബാങ്ക് ചുമത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പേടിഎം ഫാസ്‌ടാഗുകള്‍ മാര്‍ച്ച് 15ന് ശേഷം റിചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഈ അക്കൗണ്ടിൽ അവശേഷിക്കുന്ന പണം തീരുന്നതുവരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നായിരുന്നു ആദ്യം നൽകിയ നിർദ്ദേശം. എന്നാൽ ഇതിന് വിപരീതമായാണ് ഇപ്പോഴത്തെ നിലപാട്.
ദേശീയപാതാ അതോറിറ്റിയുടെ ടോള്‍ പിരിവ് വിഭാഗമായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി (ഐഎച്ച്എംസിഎല്‍) ഫാസ്‌ടാഗ് സേവനം നൽകാൻ അനുമതിയുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്റ് ബാങ്കിനെ നീക്കിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഐഎച്ച്എംസിഎല്ലിന്റെ നടപടി.
അംഗീകാരമുള്ള 32 ബാങ്കുകളുടെ പട്ടികയും ദേശീയപാത അതോറിറ്റി ഇതിനോടൊപ്പം നൽകിയിരുന്നു. ആർബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേമെന്റ്‌സ് തുടര്‍ച്ചയായി വീഴ്‌ചകള്‍ വരുത്തിയതിനെ തുടർന്നാണ് കമ്പനിയുടെ സേവനങ്ങള്‍ക്ക് ആര്‍ബിഐ വിലക്കേർപ്പെടുത്തിയത്. കെവൈസിയിലെ പോരായ്‌മകളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കടുത്ത നടപടി.
അടുത്തിടെ ഈ സംഭവ വികാസങ്ങൾ തുടരുന്ന വേളയിൽ പേടിഎം പേമെന്റ്‌സ് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ കമ്പനിയുടെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ രാജിവെച്ചിരുന്നു. റിസര്‍വ് ബാങ്ക് പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് വിജയ് ശേഖർ ശർമ്മ രാജിവെച്ചത്.












Click it and Unblock the Notifications