'കെജ്രിവാളിന്റെ അറസ്‌റ്റ്'; എഎപി മന്ത്രി രാജ് ആനന്ദ് രാജിവെച്ചു, അഴിമതി ആരോപണം ചൂണ്ടിക്കാട്ടി പാർട്ടി വിട്ടു
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റിൽ പകച്ചു നിൽക്കുന്ന എഎപിക്ക് തിരിച്ചടിയായി പാളയത്തിൽ പട. പാർട്ടിയിലെ അഴിമതിയും മറ്റ് വിഷയങ്ങളും ചൂണ്ടിക്കാട്ടി ഡൽഹി മന്ത്രി രാജ് കുമാർ രാജിവെച്ചു. ഇതിന് പിന്നാലെ താൻ പാർട്ടി വിടുകയാണെന്നും രാജ് കുമാർ പ്രഖ്യാപിച്ചു. ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ജയിലിൽ കഴിയുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
എന്നാൽ രാജ് കുമാറിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ എഎപി നേതാവ് സൗരഭ് ഭരദ്വാജ് ഇതിന് പിന്നിൽ ബിജെപിയുടെ കടുത്ത സമ്മർദ്ദമാണെന്ന ആരോപണവുമായി രംഗത്തെത്തി. രാജ് കുമാർ മന്ത്രിസ്ഥാനം രാജിവയ്ക്കാനും പാർട്ടി വിടാനും കാരണം ബിജെപിയുടെ സമ്മർദ്ദമാണെന്നായിരുന്നു ഭരദ്വാജ് പത്രസമ്മേളനത്തിൽ ആരോപിച്ചത്.

പാർട്ടിയുടെ പതനത്തിന് കാരണം അഴിമതി ആണെന്ന് പരോക്ഷമായി ഡൽഹി മദ്യനയ കേസുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് രാജ്‌കുമാർ തന്റെ രാജിപ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പാർട്ടിയിലുള്ള ആളുകളെ പോലും കൂടെ നിർത്താൻ കഴിയുന്നില്ലെന്ന വിമർശനമാവും എഎപിക്കും കെജ്രിവാളിനും എതിരെ ഉയരുക എന്നുറപ്പായി കഴിഞ്ഞു.
കെജ്രിവാളിന് പുറമെ ഡൽഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയും ഇതേ കേസിൽ ജയിലിൽ കഴിയുകയാണ്. 'ഞാൻ എഎപിയിലേക്ക് വന്നത് അഴിമതിക്കെതിരായ ശക്തമായ സന്ദേശം ഉയർത്തുന്നതിന് വേണ്ടിയാണ്. എന്നാൽ ഇന്ന് പാർട്ടി തന്നെ വലിയൊരു അഴിമതിയുടെ നടുവിലാണ്. അതുകൊണ്ടാണ് ഞാൻ സ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്' എന്നായിരുന്നു രാജ് കുമാറിന്റെ പ്രഖ്യാപനം.
'ഇന്ന് ഞാൻ വളരെ ദുഃഖിതനാണ്, അതിനാൽ ഞാൻ അത് പങ്കിടാൻ വന്നിരിക്കുന്നു. അരവിന്ദ് കെജ്രിവാൾ പറഞ്ഞ ഒരു വാചകം കേട്ടാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്, രാഷ്ട്രീയം മാറുകയാണെങ്കിൽ ഈ രാജ്യവും മാറും എന്നായിരുന്നു അത്. എന്നാൽ രാഷ്ട്രീയം മാറിയില്ല, രാഷ്ട്രീയക്കാർ മാറി' എന്നായിരുന്നു രാജിക്ക് മുൻപ് അദ്ദേഹം പറഞ്ഞത്.
കെജ്രിവാളിന്റെ അറസ്‌റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസിനെ ചൊല്ലി എഎപിയിൽനിന്നും രാജിവച്ച ആദ്യ മന്ത്രിയാണ് പട്ടേൽ നഗറിൽ നിന്നുള്ള എംഎൽഎ കൂടിയായ രാജ് കുമാർ ആനന്ദ്. കൂടാതെ പാർട്ടിയിൽ നേതൃസ്ഥാനം നൽകുന്നതിൽ വിവേചനപരമായ നടപടികൾ ഉണ്ടെന്നും രാജ് കുമാർ ആനന്ദ് ആരോപിച്ചിരുന്നു.
ആം ആദ്‌മി പാർട്ടിയിൽ ദളിത് എംഎൽഎയോ കൗൺസിലറോ ഇല്ല. ദളിത് നേതാക്കളെ നേതൃസ്ഥാനങ്ങളിൽ പോലും നിയമിക്കുന്നില്ല. ബാബാ സാഹിബ് അംബേദ്കറുടെ തത്വങ്ങളാണ് താൻ പിന്തുടരുന്നത്. ദളിതർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ പാർട്ടി എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കഴിഞ്ഞ നവംബറിൽ കസ്‌റ്റംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി രാജ് കുമാർ ആനന്ദിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു. 7 കോടിയിലധികം രൂപയുടെ കസ്‌റ്റംസ് വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഈ വിഷയം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് എഎപി രാജ് ആനന്ദിന്റെ നടപടി ബിജെപി സമ്മർദ്ദത്തെ തുടർന്നാണെന്ന് ആരോപിക്കുന്നത്.












Click it and Unblock the Notifications