അഖിലേഷിന് കനത്ത തിരിച്ചടി; സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് രാജിവെച്ചു, രാജ്യസഭാ തിരഞ്ഞെടുപ്പ് മോഹം ത്രിശങ്കുവിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടി. നിയമസഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവെച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രോസ് വോട്ടിംഗ് നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അഖിലേഷ് യാദവ് നടത്തിയ അത്താഴവിരുന്നിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.
വളരെ പ്രാധാന്യമുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ കാര്യം അഖിലേഷിനെ അലട്ടുമെന്ന ഉറപ്പാണ്. എസ്‌പിയുടെ സാധ്യതകളെ ബാധിക്കുമെന്നത് മാത്രമല്ല, പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പുള്ള ക്രോസ് വോട്ടിംഗ് പാർട്ടിയുടെ ആശങ്കകളെ വർധിപ്പിക്കും. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ 63 ലോക്‌സഭാ സീറ്റുകളിലാണ് സമാജ്‌വാദി പാർട്ടി മത്സരിക്കുന്നത്.

ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. എട്ട് ബിജെപി സ്ഥാനാർത്ഥികളും സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും ഈ സീറ്റുകൾക്ക് വേണ്ടിയുള്ള മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ നിയമസഭയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.
ഭരണകക്ഷിയായ ബിജെപിക്കും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിക്കും യഥാക്രമം ഏഴും മൂന്നും അംഗങ്ങളെ രാജ്യസഭയിലേക്ക് എതിരില്ലാതെ അയയ്‌ക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇതിനിടയിലാണ് സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള എംഎൽഎമാർ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
"സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് എല്ലാ തന്ത്രങ്ങളും പ്രയോഗിക്കാനാകും. വിജയത്തിനായി ബിജെപി സാധ്യമായതെല്ലാം ചെയ്യും. വ്യക്തിപരമായ നേട്ടങ്ങൾ ആഗ്രഹിക്കുന്ന ഞങ്ങളുടെ ചില നേതാക്കൾ ബിജെപിയിലേക്ക് പോയേക്കാം" എന്നായിരുന്നു രാവിലെ അദ്ദേഹത്തിന്റെ പ്രതികരണം.
മൊത്തം 56 രാജ്യസഭാ സീറ്റുകളാണ് ഈ വർഷം ഒഴിവ് വന്നത്.ഇതിൽ 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ളവയിൽ 10 എണ്ണം ഉത്തർപ്രദേശിലും നാലെണ്ണം കർണാടകയിലും ഒന്ന് ഹിമാചൽ പ്രദേശിലുമാണ്. ഇവിടേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടയിലാണ് എസ്‌പിക്ക് വൻ തിരിച്ചടി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications