'ഇന്ത്യയെ ദുർബലപ്പെടുത്താൻ ദുഷ്‌ട ശക്തികൾ ശ്രമിക്കുന്നു, ചില നേതാക്കൾ അതിന് സഹായിക്കുന്നു'; മോഹൻ ഭാഗവത്
ന്യൂഡൽഹി: ഇന്ത്യയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട് ആഗോള ശക്തികൾ ഭരണമാറ്റ നീക്കങ്ങൾ നടത്തുകയാണെന്നും അധികാരമോഹികളായ ചില നേതാക്കൾ ഇത്തരം ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നാഗ്‌പൂരിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെയും ഹിന്ദുക്കളെയും സംഘത്തെയും എങ്ങനെ തകർക്കാമെന്ന ചിന്തയിലാണ് ചില ശക്തികളെന്നും അതിനായി അവർ പദ്ധതികൾ ആവിഷ്‌കരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു. സ്വന്തം സ്വഭാവത്തിനനുസരിച്ച് ചിലർ ഇത്തരം നീക്കങ്ങളെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തോടുള്ള അമിതമായ താൽപര്യവും വിവേകക്കുറവും കാരണം അധികാരമോഹികളായ ചില നേതാക്കളും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസ്, അൽബേനിയ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ക്രമം, മര്യാദ, ക്ഷേമം, സാംസ്‌കാരിക മൂല്യങ്ങൾ, മാനുഷിക മൂല്യങ്ങൾ എന്നിവയെ തകർക്കാൻ ലക്ഷ്യമിടുന്ന ഒരു കൊടുങ്കാറ്റ് വീശിയടിക്കുകയാണെന്ന് പറഞ്ഞു. ഭരണമാറ്റത്തിലൂടെ സാഹചര്യങ്ങൾ മാറുമെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഇപ്പോഴും സംഭവിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കുന്നവരെ അധികാരത്തിൽ നിലനിർത്താനുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് ഭാഗവത് ആരോപിച്ചു. ഇന്ത്യയുടെ വളർച്ച ഇത്തരം ശ്രമങ്ങൾക്ക് തടസമാകുന്നതിനാൽ രാജ്യത്തെ അവർ പ്രധാന ലക്ഷ്യമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും സമാനമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യ സ്വീകരിച്ച ഉറച്ച നയങ്ങളും രാജ്യത്തെ മുന്നോട്ടുനയിച്ച ശക്തമായ നേതൃത്വവും ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. രാജ്യത്തോടും ലോകത്തോടുമുള്ള ഉത്തരവാദിത്വബോധം ഇന്ത്യയിലെ യുവതലമുറയിൽ വളർന്നുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിനുള്ളിൽ രൂപപ്പെട്ട ഈ ബോധമാണ് ചില ശക്തികളുടെ ലക്ഷ്യങ്ങളെ തടയാൻ സഹായിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമായ ഇന്ത്യയിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത് സ്വാഭാവികമാണെന്നും അതിനാൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകുമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കിൽ പ്രക്ഷോഭങ്ങളുണ്ടാകും. ജനാധിപത്യത്തിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുക എന്നതിൽ മാത്രം പ്രക്ഷോഭങ്ങളുടെ ലക്ഷ്യം ഒതുങ്ങരുതെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകളായാലും സമാധാനവും ക്രമസമാധാനവും ഉറപ്പാക്കാൻ നടപടികളെടുക്കുന്ന സർക്കാരും ഭരണസംവിധാനവും രാഷ്ട്രീയ നേതാക്കളായാലും എല്ലാവരുടെയും ലക്ഷ്യം പരിഹാരം കണ്ടെത്തലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് സിജെപിയുടെയും ഇന്ത്യ സഖ്യത്തിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്ന വേളയിലാണ് ആർഎസ്എസ് മേധാവിയുടെ അഭിപ്രായ പ്രകടനം. ഡൽഹിയിൽ ദിവസങ്ങളോളം സിജെപിയും പ്രതിപക്ഷ സഖ്യവും പ്രതിഷേധം നടത്തിയിരുന്നു. ഇനിയും അത് തുടരുമെന്നാണ് ഇരു കൂട്ടരും അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications
