'ഈ കൃത്രിമം അവസാനിപ്പിക്കണം'; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ വീണ്ടും ഉന്നയിച്ച് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഉൾപ്പെടെ വീണ്ടും ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നത് ഉൾപ്പെടെയുള്ള വൻതോതിലുള്ള വോട്ടർ തട്ടിപ്പുകളെക്കുറിച്ചുള്ള കോൺഗ്രസിന്റെ കാലങ്ങളായുള്ള ആരോപണം ഒന്ന് കൂടി ശക്തമായി ഉന്നയിക്കുകയാണ് അദ്ദേഹം.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന നിർണായക യോഗത്തിലാണ് ഖാർഗെ വിഷയം വീണ്ടും ഉന്നയിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വോട്ടെടുപ്പിലും വോട്ടെണ്ണലിലും കൃത്രിമം നടന്നതായി ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ എക്കാലവും അവർ പ്രതിക്കൂട്ടിൽ നിർത്തുന്നതാവട്ടെ രാജ്യം ഭരിക്കുന്ന ബിജെപിയെയാണ്.

കഴിഞ്ഞ വർഷത്തെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷന്റെ സംശയാസ്‌പദമായ തീരുമാനങ്ങൾ, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമായി ഫലത്തെ മാറ്റിമറിച്ചു എന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. മഹാ വികാസ് അഘാഡി പരാജയപ്പെട്ട മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ പരാമർശിച്ച് അടുത്തിടെ പാർലമെന്റിൽ രാഹുൽ ഗാന്ധി ആ വിഷയം ഉന്നയിച്ചിരുന്നു.
മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിൽ ഭൂരിപക്ഷം നേടാനാകാത്ത ബിജെപി അഞ്ച് മാസത്തിനുള്ളിൽ 70 ലക്ഷം വോട്ടർമാരെ പൊടുന്നനെ പട്ടികയിൽ ചേർത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ആരോപണത്തോട് പ്രതികരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർമാരുടെ വോട്ട് ചെയ്യുന്ന കാര്യത്തിലോ ഓരോ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിലോ കണക്കുകളിൽ പൊരുത്തക്കേട് ഇല്ലെന്നാണ് പറഞ്ഞത്. എന്നാൽ ഈ വിഷയം വിടാൻ കോൺഗ്രസ് ഒരുക്കമല്ലെന്നാണ് ഖാർഗെയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
"ഈ കൃത്രിമം എന്ത് വിലകൊടുത്തും അവസാനിപ്പിക്കണം" എന്നായിരുന്നു പാർട്ടിയുടെ ന്യൂ ഡൽഹി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രവർത്തകരോടും അനുഭാവികളോടും പറഞ്ഞത്. കോൺഗ്രസ് അനുഭാവികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി നീക്കം ചെയ്‌തുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും ഖാർഗെ പ്രതികരിച്ചു. 'നേരത്തെ, സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സെലക്ഷൻ കമ്മിറ്റിയിൽ ചീഫ് ജസ്‌റ്റിസിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മോദിജി അദ്ദേഹത്തെയും നീക്കി. രാജ്യത്തെ ചീഫ് ജസ്‌റ്റിസിന്റെ നിഷ്‌പക്ഷതയിൽ പോലും ഈ സർക്കാർ വിശ്വസിക്കുന്നില്ല' എന്നായിരുന്നു ഖാർഗെ പറഞ്ഞത്.












Click it and Unblock the Notifications