'നുഴഞ്ഞുകയറ്റക്കാരെ ബംഗാളിലേക്ക് കടക്കാൻ അനുവദിക്കുന്നത് ബിഎസ്എഫ്'; ഗുരുതര ആരോപണവുമായി മമത
കൊൽക്കത്ത: ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിൽ ബിഎസ്എഫിനെതിരെ ഗുരുതര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഎസ്എഫ് ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ പശ്ചിമ ബംഗാളിലേക്ക് കടക്കാൻ അനുവദിക്കുന്നുവെന്നാണ് മമത ആരോപിക്കുന്നത്. ഇസ്‌ലാംപൂർ, സീതായ്, ചോപ്ര തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലൂടെ ആളുകളെ കടത്തി വിടുകയാണെന്നും ഇതിന് പിന്നാലെ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നുമാണ് മമത അവകാശപ്പെടുന്നത്.
ബംഗാളിനെ അസ്വസ്ഥമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ നേർരേഖയാണ് ഇതെന്നും മമത ആരോപിക്കുന്നു. എന്നാൽ മമത ബാനർജിയുടെ അവകാശവാദങ്ങളോട് അതിർത്തി സുരക്ഷാ സേനയും കേന്ദ്രവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത് അർദ്ധസൈനിക വിഭാഗമായ ബിഎസ്എഫാണ്.

ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം, ഇന്ത്യയിലേക്കുള്ള അഭയാർഥി പ്രവാഹം തുടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അതിർത്തിയിൽ ബിഎസ്എഫ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മമത ബിഎസ്എഫിനെതിരെ ആഞ്ഞടിച്ചത്.
നേരത്തെ ബംഗാൾ പോലീസ് സംസ്ഥാനത്ത് നിന്ന് പ്രവർത്തിക്കുന്ന വ്യാജ പാസ്‌പോർട്ട് റാക്കറ്റ് കണ്ടെത്തി ഏഴ് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ധാക്കയിലെ സംഘർഷത്തിനിടയിൽ താരതമ്യേന സുരക്ഷാ കുറഞ്ഞ അതിർത്തികളിലൂടെ ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവർക്കാണ് ഈ സംഘം പാസ്‌പോർട്ട് നൽകിയത്.
'അതിർത്തി കാക്കുന്നത് നമ്മുടെ കയ്യിലുള്ള കാര്യമല്ല, അത് ബിഎസ്എഫിന്റെ കടമയാണ്. തൃണമൂൽ കോൺഗ്രസ് അതിർത്തി കാക്കുന്നില്ല...ആളുകൾ കടന്നാൽ എങ്ങോട്ടാണ് പോകുന്നത്? അവർ എവിടേക്കാണ് പോകുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ മജിസ്‌ട്രേറ്റുമാർക്കുണ്ട്.' എന്നായിരുന്നു മമത ബാനർജിയുടെ വാക്കുകൾ.
വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് പ്രതിഷേധ കത്ത് അയക്കുമെന്നും മമത ബാനർജി പറഞ്ഞു. നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് ഞങ്ങളുടെ വഴിയാണെന്ന് ഞാൻ പലതവണ കേന്ദ്രസർക്കാരിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, എന്റെ സംസ്ഥാനത്തെ അസ്വസ്ഥമാക്കാൻ ആരെങ്കിലും ഭീകരതയെ പിന്തുണയ്ക്കുന്നത് കണ്ടാൽ ഞങ്ങൾ പ്രതിഷേധിക്കും' മമത പറഞ്ഞു.
ഇന്ത്യയുമായി ഏറ്റവും ദൈർഘ്യമേറിയ അതിർത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. അതിൽ തന്നെ പശ്ചിമ ബംഗാൾ അയൽ രാജ്യവുമായി 2272 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് പങ്കിടുന്നത്. അസം, ത്രിപുര, മിസോറാം, മേഘാലയ എന്നിവയും ശേഷിക്കുന്ന അതിർത്തി പങ്കിടുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ബംഗാളിൽ മുഖ്യ വിഷയമാവുന്നത്.












Click it and Unblock the Notifications