ബിജെപിക്ക് രണ്ടംഗ സിന്‍ഡിക്കേറ്റ്, ഒന്ന് കലാപകാരി, മറ്റേയാള്‍ താടി മാത്രം വളര്‍ത്തുന്നുവെന്ന് മമത
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനര്‍ജി. മോദിക്ക് സ്‌റ്റേഡിയത്തിന് സ്വന്തം പേരിടാന്‍ മാത്രമാണ് അറിയുന്നതെന്ന് മമത ആരോപിച്ചു. നാളെ ബംഗാള്‍ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് രൂക്ഷ വിമര്‍ശനവുമായി മമത രംഗത്തെത്തിയത്. രണ്ട് സിന്‍ഡിക്കേറ്റുകളാണ് ബിജെപിക്കുള്ളത്. ഒന്ന് കലാപം ഉണ്ടാക്കുന്നവരില്‍ പ്രധാനിയാണ്. ദില്ലിയിലും ഗുജറാത്തിലും യുപിയിലും അദ്ദേഹമാണ് കലാപം സ്‌പോണ്‍സര്‍ ചെയ്ത് നടപ്പാക്കിയത്. മറ്റൊരാള്‍ വ്യാവസായിക വളര്‍ച്ച തടയുന്നയാളാണ്. അദ്ദേഹത്തിന് താടി നീട്ടി വളര്‍ത്താന്‍ മാത്രമാണ് അറിയുന്നതെന്നും മോദിയെ സൂചിപ്പിച്ച് മമത പറഞ്ഞു.

താടി നീട്ടി വളര്‍ത്തുന്നയാള്‍ ചിലപ്പോള്‍ താന്‍ ഗാന്ധിജിയേക്കാള്‍ മികച്ചതാണെന്ന് പറയും. ചിലപ്പോള്‍ താന്‍ രവീന്ദ്രനാഥ ടാഗോറിനേക്കാള്‍ മികച്ചവരാണെന്ന് ഇവര്‍ പറയും. ചിലപ്പോള്‍ താന്‍ സ്വാമി വിവേകാനന്ദനാണെന്ന് പറയും. ചിലപ്പോള്‍ സ്‌റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരിടും. ഒരു ദിവസം ഈ പറഞ്ഞ നേതാവ് രാജ്യത്തെയും വില്‍ക്കും. എന്നിട്ട് അതിന് സ്വന്തം പേരുമിടും. അദ്ദേഹത്തിന്റെ തലയ്ക്ക് എന്തോ പ്രശ്‌നമുണ്ട്. ഒരു സ്‌ക്രൂ ലൂസ് ആണെന്നാണ് തോന്നുന്നതെന്നും മമത പരിഹസിച്ചു. മോദി നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അടക്കമുള്ള മറുപടിയാണ് മമത നല്‍കിയത്.
മോദി സ്വയം പുകഴ്ത്തി നടക്കുന്ന നേതാവാണെന്ന് മമത പറയുന്നു. കൊറോണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പോലും സ്വന്തം പേരാണ് മോദി ഉപയോഗിച്ചത്. സ്‌റ്റേഡിയങ്ങളുടെ പേര് മാറ്റുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. രാജ്യത്തിന്റെ പേര് തന്നെ മോദി മാറ്റുന്ന കാലം വിദൂരമല്ലെന്നും മമത ആരോപിച്ചു. അതേസമയം മമതയ്‌ക്കെതിരെ ബിജെപി കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. മമത ഹിന്ദു ശ്ലോകങ്ങള്‍ ചൊല്ലുന്നത് ബിജെപിയുടെ പ്രത്യയശാസ്ത്ര വിജയമാണെന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ അവരെ ഹിന്ദു മന്ത്രങ്ങള്‍ ഉച്ചരിക്കാന്‍ നിര്‍ബന്ധിതയാക്കിയെന്നും യോഗി അവകാശപ്പെട്ടു.
അതേസമയം ബിജെപി രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് പാര്‍ട്ടിയാണെന്ന് മമത ആരോപിച്ചു. ഏപ്രില്‍ ഒന്നിന് നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് നടക്കും. അത് വരെ താന്‍ ഈ മണ്ഡലത്തില്‍ പ്രചാരണത്തിനുണ്ടാവുമെന്നും മമത പറഞ്ഞു. ബിജെപി ഇവിടെ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് യാതൊരു വിധ വളര്‍ച്ചയുമില്ല. വ്യാവസായ വളര്‍ച്ചയുമില്ല. ആകെ വളരുന്നത് മോദിയുടെ താടി മാത്രമാണ്. എല്ലാവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നപ്പോള്‍, ബിജെപി ദില്ലി സര്‍ക്കാരിന്റെ ഭരണഘടനാ പദവി തട്ടിയെടുക്കുന്നതിനായി ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനാണ് ശ്രമിച്ചതെന്നും മമത പറഞ്ഞു.












Click it and Unblock the Notifications